തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ലഭിച്ചത് അസാധാരണ പരിഗണന. അതിവേഗത്തിൽ ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായതിന് പിന്നിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായതായാണ് പുറത്തു വരുന്ന വിവരം.
നിരവധി തവണ വിവാദത്തിൽ അകപ്പെട്ട മന്ത്രി വഴി ഷെറിൻ നടത്തിയ നീക്കം ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിക്കുകയായിരുന്നു. ഇതിന് ചുക്കാൻ പിടിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്.
സംസ്ഥാനത്ത് ശിക്ഷാകാലയളവിൽ ഏറ്റവുമധികം തവണ പരോൾ ലഭിച്ച തടവുകാരിയാണ് ഷെറിൻ. ശിക്ഷാ കാലയളവിനിടെ 500 ദിവസത്തോളവും പുറത്തായിരുന്നു.
2016-ൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് കേരളത്തിലെ മറ്റ് തടവുകാര്‍ക്കൊന്നും പരോള്‍ അനുവദിക്കാതിരുന്നപ്പോഴും ഷെറിന് മാത്രം പരോൾ കിട്ടിയിരുന്നു. പരോൾ ലഭിച്ചപ്പോഴൊക്കെ ഉന്നത ഉദ്യോഗസ്ഥൻ്റെ സാന്നിധ്യം ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ആദ്യം 30 ദിവസത്തേക്ക് അനുവദിച്ച പരോള്‍ പിന്നീട് 30 ദിവസത്തേക്ക് കൂടി പരോൾ ലഭിച്ചു.
കൊവിഡ് സമയത്തും ഷെറിൻ പുറത്തായിരുന്നു. മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷാകാലവധി തുടങ്ങി ഒന്നരവര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ പരോള്‍ നേടിത്തുടങ്ങിയിരുന്നു എന്നതാണ് ശ്രദ്ധേയം.
2010 ജൂൺ 11-നായിരുന്നു കാരണവർ കൊലക്കേസിന്റെ വിധിവന്നത്. 2012 മാർച്ച് മൂന്നിന് ഷെറിന് ആദ്യ പരോൾ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരം ജയിലിൽവച്ചുമാത്രം ഇവർ എട്ടുതവണ പരോൾ നേടി. രണ്ടെണ്ണം അടിയന്തര പരോളായിരുന്നു
അര്‍ഹരായി നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ് പുറത്തു വന്നിരിക്കുന്നത്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിച്ചില്ല.
25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മാത്രമായി ഇളവ് നൽകിയത്.
ഡിസംബറിൽ കണ്ണൂർ ജയിൽ ഉപദേശ സമിതി നൽകിയ ശുപാർശയിലാണ് അതിവേഗം മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. വിവിധ ജയിലുകളിൽ ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിക്കാതെയാണ് ഇളവ് നൽകിയിരിക്കുന്നത്.
ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഷെറിനെ അമിതമായി “കെയർ” ചെയ്യുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.
ജയിലുകളിൽ ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ തുടർച്ചയാണ് വിടുതലിലും കാണുന്നത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഷെറിന് മോചനം നൽകാനുള്ള തീരുമാനം.
എന്നാൽ 25 ഉം 20 വർഷം വരെ തടവ് പൂർത്തിയായവർക്ക് ഈ ആനുകൂല്യം ലഭിച്ചില്ല. ഇവരിൽ പലരും രോഗികളാണെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശകളും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
പൂജപ്പുരം, വിയ്യൂർ, നെട്ടുകാൽത്തേരി ജയിലുകളിലെ ഉപദേശക സമിതികൾ രണ്ട് തവണയായി നൽകിയ ശുപാർശകളിലും തീരുമാനം നീളുകയാണ്. ഷെറിന്‍റെ ഇളവിൽ തീരുമാനമെടുത്തതും അതിവേഗ വാണ്. ഡിസംബറിലാണ് ഷെറിന് ഇളവ് നൽകണമെന്ന ശുപാർശ കണ്ണൂർ ജയിലിലെ ഉപദേശക സമിതി മുന്നോട്ട് വെക്കുന്നത്.
ഒരു മാസം കൊണ്ട് ശുപാർശ ജയിൽ ഡിജിപി വഴി ആഭ്യന്തര വകുപ്പ് വഴി കാബിനറ്റിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോൾ പ്രതികളുടെ ജയിലിലെ പ്രവർത്തനങ്ങളും പരിഗണിക്കാറുണ്ട്.
എന്നാൽ താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരും ഉദ്യോഗസ്ഥരുമായും ഷെറിൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിട്ടും അതൊന്നും ബാധിച്ചില്ല. പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും ഷെറിന് അനുകൂലമായി വന്നു.
ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകൻ ബാസിത് അലിയെ നല്ല നടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ബാസിത് അലിയെ മോചനത്തിനായി പരിഗണിച്ചില്ല. മന്ത്രിസഭാ യോഗ ശുപാർശ ഗവർണ്ണർ കൂടി അംഗീകരിച്ചാലോ ഷെറിന് പുറത്തിറങ്ങാനാകൂ.