ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു
പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വർക് ഷോപ്പിലേക്ക് പോകവേ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജൻ ഓടിച്ചിരുന്ന ഇരു ചക്രവാഹനത്തിന് തീപിടിച്ചത്.
അറ്റകുറ്റപ്പണികൾക്കായി ബൈക്ക് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു അപകടം. അപ്രതീക്ഷിതമായി ബൈക്കിന് തീപിടിച്ചതിനാൽ രാജന് ബൈക്കിൽ നിന്ന് ഇറങ്ങാനായില്ല.
ഇതോടെ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെ നേതൃത്വത്തിലുള്ള സംഘമാണ് രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ച രാജന്റെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ നൽകാനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ
പാലക്കാട്: പൊൽപ്പുളളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അമ്മയും കുട്ടികളും അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.
പരിക്കേറ്റ ആറ് വയസുകാരൻ ആൽഫ്രഡ്, മൂന്ന് വയസുകാരി എമിൽ, ഇവരുടെ അമ്മ എൽസി എന്നിവർ കൊച്ചി മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബേൺ ഐസിയുവിൽ വിദഗ്ദ്ധ ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണ സംഭവം നടന്നത്.
സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എൽസി മക്കളുമായി പുറത്ത് പോകാൻ കാർ സ്റ്റാർട്ട് ചെയ്ത ഉടനെയാണ് തീപിടിച്ചത്. അപകടത്തിൽ എൽസിയുടെ മൂത്തമകൾ പത്ത് വയസുകാരി അലീനയ്ക്കും, എൽസിയുടെ അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു.
ഇവർ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നും ആണ് വിവരം.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഗ്യാസ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃശൂർ: ഗ്യാസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിലാണ് ദാരുണ സംഭവം നടന്നത്.
വെള്ളാങ്ങല്ലൂർ മൂന്നാം വാർഡിൽ എരുമത്തടം സ്വദേശി തൃക്കോവിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ജയശ്രീ (60) ആണ് മരിച്ചത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
ജൂൺ എട്ടിന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.
ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഷോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.
ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ പൊള്ളലേറ്റ രവീന്ദ്രൻ ഇപ്പോഴും എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്. എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നുരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്ടം. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
English Summary:
A youth who sustained burn injuries after his bike caught fire while riding has succumbed to his injuries. The deceased has been identified as Rajan, a native of Angadickal South, Pathanamthitta. The incident occurred last Monday near the Parakkode Block Office while he was on his way to a workshop.