കൊച്ചി: പുതുവർഷ തലേന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചതിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ മർദ്ദനമേറ്റ് കുഴഞ്ഞു വീണ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.
കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് വെളുപ്പിനെയായിരുന്നു മരണം സ്ഥിരീകരിച്ചത്. എറണാകുളം കാഞ്ഞിരമറ്റത്ത് വെച്ചാണ് അപകടം നടന്നത്.
ഡിസംബർ 31 ന് വൈകിട്ട് കാഞ്ഞിരമറ്റത്ത് വെച്ച് ഹനീഫയുടെ വാഹനം ഷിബു എന്നയാളുടെ വാഹനത്തിൽ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ഹനീഫക്ക് മർദ്ദനമേറ്റത്. ഷിബുവിന്‍റെ അടിയേറ്റ് ആരോഗ്യ നില മോശമായിഹനീഫ കുഴഞ്ഞ് വീഴുകയായിരുന്നു. ഷിബു തന്നെയാണ് ഹനീഫയെ ആശുപത്രിയിൽ ആക്കിയത്.
നിലവിൽ ദേഹോപദ്രവം ചെയ്തതിനു മുളന്തുരുത്തി പൊലീസ് ഷിബുവിനെതിരെ കേസെടുത്തിരുന്നു. എന്നാൽ കൊലപാതകം എന്നു ഉറപ്പിക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരണമെന്നും, റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.