ആൾദൈവം പറഞ്ഞത് അനുസരിച്ച് നാല് വയസുകാരിയെ കൊലപ്പെടുത്തി ഉറ്റബന്ധു. വീട്ടിൽ ഐശ്വര്യം വരുമെന്ന് ആൾദൈവം പറഞ്ഞതനുസരിച്ചാണ് ക്രൂരത നടത്തിയത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുവായ സാവിത്രിയേയും സ്വയം പ്രഖ്യാപിത ആൾ ദൈവത്തേയും പൊലീസ് അറസ്റ്റ് ചെയ്തു. A woman killed a four-year-old girl and put her in a sack
ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് ക്രൂരമായ കൊലപാതകം കണ്ടെത്തിയത്.
മിസ്റ്റി എന്ന നാലുവയസുകാരിയെയാണ് ശനിയാഴ്ച കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇസത് നഗർ പൊലീസ് സംഭവം അന്വേഷിക്കുമ്പോഴാണ് കുട്ടിയുടെ അമ്മായി സാവിത്രി എന്ന സ്ത്രീയുടെ പെരുമാറ്റത്തിലെ അസ്വഭാവികത പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
വീട്ടിലേക്ക് കുട്ടിയുടെ മാതാപിതാക്കളേപ്പോലും കടത്തി വിടാതെ നിരവിധ വാദങ്ങൾ നിരത്തിയ ബന്ധുവിന്റെ പേരുമാറ്റമാണ് സംശയം ഉണ്ടാക്കിയത്.
ഇതോടെ, പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് കുഴൽക്കിണറിന് സമീപത്ത് കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് പ്രേരകമായത് അന്ധവിശ്വാസമാണെന്ന് പൊലീസ് കണ്ടെത്തിയതായാണ് സീനിയർ സുപ്രണ്ട് അനുരാഗ് ആര്യ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
സ്വയം പ്രഖ്യാപിത ആൾ ദൈവവും ബന്ധുവും ആയ ഗംഗാ റാമിന്റ നിർദ്ദേശം അനുസരിച്ചാണ് സാവിത്രി കൊലപാതകം നടത്തിയത്. ഐശ്വര്യം വരാനുള്ള മന്ത്രവാദ കർമ്മങ്ങളുടെ ഭാഗമായിരുന്നു പിഞ്ചു കുഞ്ഞിന്റെ കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.