ഇടുക്കി കട്ടപ്പനയ്ക്ക് സമീപമുള്ള പ്രധാനപ്പെട്ട കാർഷിക ഗ്രാമങ്ങളാണ് മേലേചിന്നാറും, ബഥേലും. ഏലവും , കാപ്പിയും , കുരുമുളകും വിളഞ്ഞിരുന്ന ഗ്രാമങ്ങൾ ഇന്ന് അറിയപ്പെടുന്നത് വ്യാജ മദ്യ വിൽപ്പനയുടെ പേരിലാണ്. നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിൽ കഴിഞ്ഞ നാലു വർഷമായി ചുവടുറപ്പിച്ചത് 15 ൽ അധികം വ്യാജമദ്യ വിൽപ്പനക്കാരാണ്.
വിവിധ പാർട്ടി നേതാക്കളുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന വ്യാജ മദ്യ വിൽപ്പന കേന്ദ്രങ്ങളിൽ പോലീസോ എക്‌സൈസൊ റെയ്ഡിന് എത്താറില്ല. എത്തിയാൽ ഉദ്യോഗസ്ഥർക്ക് ഭീഷണിയും സ്ഥാനചലനവും ഉണ്ടാകും.
പോലീസിനെയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരേയും വിരട്ടി വീട് കേന്ദ്രീകരിച്ച് വിദേശ മദ്യം വിൽക്കുന്നവരും പ്രദേശത്ത് ഉയർന്നുവന്നിട്ടുണ്ട്. മിനി ബാറുകളാണ് പ്രദേശത്ത് സജ്ജീകരിച്ചിരിക്കുന്നത്. 100 രൂപ മുതൽ മദ്യം ലഭിയ്ക്കും. ടച്ചിങ്ങ്‌സും ഭക്ഷണവും ആവശ്യമെങ്കിൽ അതും ലഭിയ്ക്കും.
ബാറിന് സമാനമായി ചെറിയ തുകയ്ക്ക് വരെ മദ്യം ചില്ലറ വിൽപ്പന നടത്തിയിട്ടും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ ഭയക്കുകയാണ്. രണ്ടാഴ്ചയ്ക്കു മുമ്പ് വാറ്റ് ചാരായവുമായി യുവാക്കളെ പ്രദേശത്തു നിന്നും പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
വ്യാജവാറ്റ് , വിദേശമദ്യ വിൽപ്പന സംഘങ്ങൾ പിടിമുറുക്കിയതോടെ പല കുടുംബങ്ങളിലും അശാന്തിയാണ്. എന്നാൽ വിൽപ്പനക്കാരുടെ ഗുണ്ടകളേയും രാഷ്ട്രീയ സ്വാധീനവും ഭയന്ന് പരാതി പ്രദേശവാസികൾ പരാതി നൽകാറില്ല.