കോർബ: മദ്യലഹരിയിൽ പൊലീസിനെ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ. നിശാ ക്ലബ്ബിലുണ്ടായ തർക്കം തെരുവിലേക്ക് എത്തിയതോടെ പ്രശ്നം പരിഹരിക്കാൻ എത്തിയ പൊലീസിനെയാണ് യുവതി തെറിപറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച്ച അർദ്ധരാത്രിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്കൂട്ടറിനു പിന്നിലിരിക്കുന്നത് തന്റെ ഭർത്താവാണെന്നും യുവതി പൊലീസിനോട് പറയുന്നതും വീഡിയോയിൽ കാണാം.
കോർബയിലെ നിശാക്ലബ്ബിൽ തിങ്കളാഴ്ച്ച രാത്രിയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ചേരിതിരിഞ്ഞ് ആക്രമണവും ചീത്തവിളിയും നടന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതിനു പിന്നാലെ സംഘർഷം തെരുവിലേക്കെത്തുകയായിരുന്നു. ഇതേതുടർന്നാണ് മദ്യപിച്ചെത്തിയ ഇവർ പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെട്ടത്.
ടിപി നഗറിലെ സിഎസ്ഇബി ഔട്ട്‌പോസ്റ്റിനടുത്തുള്ള നിശാക്ലബ്ബിനുള്ളിലാണ് ഏറ്റുമുട്ടൽ തുടങ്ങുന്നത്. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു എന്നാണ് വിവരം. ക്ലബ്ബിന് അകത്ത് വച്ച് നടന്ന സംഘർഷം പുറത്തേക്കും വ്യാപിക്കുകയായിരുന്നു. അതേസമയം, സംഘർഷത്തിനുള്ള കാരണം വ്യക്തമല്ല.
നിശാക്ലബ്ബിനടുത്ത് സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്. ഇവർ ഇരുവിഭാഗവുമായും ചർച്ച നടത്തിയെങ്കിലും തർക്കം അവസാനിച്ചില്ല. ഇതേതുടർന്ന് പൊലീസ് ആളുകളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, പിരിഞ്ഞുപോകാൻ പറഞ്ഞത് മദ്യപിച്ച് ലക്കുകെട്ടുനിന്ന യുവതിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ ഇവർ പൊലീസിനു നേരേ അസഭ്യവർഷം ചൊരിയുകയായിരുന്നു. യുവതിയോട് പോകാൻ പറഞ്ഞിട്ടും പൊലീസുദ്യോഗസ്ഥർക്കു നേരേ ഇവർ തെറി വിളി തുടരുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.