തിരുവനന്തപുരം ∙ കുറഞ്ഞ വിലയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ 4 ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാനാകില്ലെന്നു വൈദ്യുതി അപ്‌ലറ്റ് ട്രൈബ്യൂണൽ (അപ്ടെൽ) ഉത്തരവ്.A setback for the state government and KSEB
ഉത്തരവ് സംസ്ഥാന സർക്കാരിനും കെഎസ്ഇബിക്കും തിരിച്ചടിയാണ്. ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങുന്നതിന്റെ ഭാരം ഉപയോക്താക്കൾ വഹിക്കേണ്ടി വരികയും ചെയ്യും. ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും.
2014 ൽ ക്ഷണിച്ച 2 ടെൻഡറുകളിലായി ജാബുവ പവർ (115, 100 മെഗാവാട്ട് വീതം 2 കരാറുകൾ), ജിൻഡൽ പവർ (150 മെഗാവാട്ട്), ജിൻഡൽ ഇന്ത്യ തെർമൽ പവർ (100 മെഗാവാട്ട്) എന്നീ കമ്പനികളിൽ നിന്ന് 2016 മുതൽ 25 വർഷത്തേക്കു വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി കരാർ ഉറപ്പിച്ചത്.
2023 വരെ ഈ വൈദ്യുതി വാങ്ങിയെങ്കിലും പരാതി ലഭിച്ചതിനെ തുടർന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (ഇആർസി) നടത്തിയ അന്വേഷണത്തിലാണ് കരാറുകളുടെ നടപടിക്രമം കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ടെൻഡർ മാനദണ്ഡങ്ങൾ ലംഘിച്ചുള്ളതാണെന്നു കണ്ടെത്തിയത്.
2023 മേയിൽ കരാറുകൾ റദ്ദാക്കി ഇആർസി ഉത്തരവിറക്കി. മന്ത്രിസഭയുടെ ആവശ്യപ്രകാരം ഇആർസി വിഷയം വീണ്ടും പരിഗണിക്കുകയും കഴിഞ്ഞ ഡിസംബറിൽ കരാർ പുനഃസ്ഥാപിച്ചുള്ള ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. ഇതിനെതിരെ ജാബുവ പവർ നൽകിയ അപ്പീലിലാണ് അപ്ടെൽ ഉത്തരവ്.
ജിൻഡൽ പവർ ഒഴികെയുള്ള കമ്പനികൾ ഇആർസി ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും കരാറിലെ നിരക്കിൽ വൈദ്യുതി തുടർന്നു നൽകാൻ കഴിയില്ലെന്നും അറിയിച്ചിരുന്നു. ജിൻഡൽ പവർ 150 മെഗാവാട്ട് വൈദ്യുതി തുടർന്നും നൽകാമെന്നു ധാരണയിലെത്തിയെങ്കിലും കെഎസ്ഇബി നൽകാനുള്ള കുടിശിക തുക സംബന്ധിച്ച ചർച്ചയിൽ തീരുമാനമാകാത്തത് പ്രതിസന്ധിയായി.
വൈദ്യുതി ഉപയോഗം റെക്കോർഡിലേക്കെത്തിയ കഴിഞ്ഞ മാർച്ച്– മേയ് മാസങ്ങളിലാണ് കുറഞ്ഞ നിരക്കിൽ (യൂണിറ്റിന് 4.29 രൂപ) വൈദ്യുതി ലഭിച്ചിരുന്ന 4 കരാറുകൾ റദ്ദാക്കിയതിന്റെ ഫലം കേരളം മനസ്സിലാക്കിയത്.
ഹ്രസ്വകാല ടെൻഡറുകൾ കെഎസ്ഇബി ക്ഷണിച്ചെങ്കിലും ദിവസം മുഴുവനുമുള്ള വൈദ്യുതിക്ക് യൂണിറ്റിന് 9.59–10.25 രൂപ, പീക്ക് സമയത്ത് മാത്രം വൈദ്യുതി ലഭിക്കുന്നതിന് യൂണിറ്റിന് 14.3 രൂപ എന്നിങ്ങനെ ഉയർന്ന നിരക്ക് കാരണം കരാറുകളിൽ ഏർപ്പെട്ടില്ല. തുടർന്ന് ഓരോ മാസത്തേക്കും ടെൻഡർ ക്ഷണിച്ച് ഹ്രസ്വകാല കരാറുകളിൽ ഏർപ്പെട്ടതും വിവാദമായി.