പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു.A section of the BJP has sent a letter to the central leadership demanding that Shobha Surendran be nominated as a candidate for the Palakkad by-election
പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. ശോഭ മത്സരിച്ചാൽ ഈഴവ വോട്ടുകൾ ലഭിക്കുമെന്നും കൃഷ്ണകുമാർ അഴിമതിക്കാരനാണെന്നും കത്തില്‍ പറയുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ അനുകൂലികൾ കത്തയച്ചിട്ടുണ്ട്. സി കൃഷ്ണകുമാറിനെതിരെ ആരോപണങ്ങളാണ് കത്തിൽ ഉന്നയിക്കുന്നത്.
സി കൃഷ്ണകുമാർ തുടർച്ചയായി നാല് തവണ പൊതുതെരഞ്ഞടുപ്പിൽ മത്സരിച്ചു. വോട്ട് നേടുന്നതിനേക്കാൾ പണമുണ്ടാക്കാനാണ് കൃഷ്ണകുമാറിന് താത്പര്യമെന്നാണ് കത്തിലെ ആരോപണം.
എന്നാൽ ജില്ലക്കാരനായ സ്ഥാനാര്‍ഥിയെ അവതരിപ്പിക്കുന്നത് ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രാഹുല്‍ മാങ്കൂട്ടം ആണെന്നതിനാല്‍ ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥി മല്‍സരിക്കുന്നത് പ്രാദേശിക വികാരം മുതലെടുക്കുന്നതിന് സഹായകരമാകും എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ ആണ് പരിഗണിക്കുന്നതെങ്കില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയായ സി. കൃഷ്ണകുമാറിനാകും നറുക്ക് വിഴുക.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടം ആണെങ്കില്‍ സി. കൃഷ്ണകുമാര്‍ മല്‍സരിക്കുന്നതാകും ഉചിതം എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.
അതേസമയം കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബലറാം ആണ് യുഡിഎഫ് സ്ഥാനാര്‍ഥിയെങ്കില്‍ ശോഭാ സുരേന്ദ്രനാകും മുന്‍ഗണന. ഇരുവരും തൃശൂര്‍ ജില്ലക്കാരാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരാന്‍ സാധ്യതയുള്ള ഏറ്റവും പ്രധാന ന്യൂനത പത്തനംതിട്ടക്കാരനെന്നതാകും. രാഹുലിന്‍റെ സംസാരഭാഷയും ശരീരഭാഷയും മുതല്‍ പാലക്കാടിന്‍റെ സംസ്കാരവുമായി ഒത്തുപോകാത്തതാകും.
അങ്ങനെ വന്നാല്‍ സി. കൃഷ്ണകുമാറിന് നാട്ടുകാരനെന്ന പരിഗണന ഗുണം ചെയ്യും. മുമ്പ് പലതവണ മല്‍സരിച്ച് പരാജയപ്പെട്ടതിന്‍റെ സഹതാപ തരംഗവും നാട്ടുകാരുമായുള്ള അടുപ്പവും പ്രാദേശിക പരിഗണനകളും കൃഷ്ണകുമാറിന് അനുകൂലമാകും.
ഗ്രൂപ്പ് പോരില്ലാതെ ഒറ്റക്കെട്ടായി ബിജെപി ഒരുമിച്ച് നില്‍ക്കുകയും പ്രാദേശിക വികാരത്തിന്‍റെ അടിസ്ഥാനത്തില്‍ നിഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാനും കഴിഞ്ഞാല്‍ കൃഷ്ണകുമാറിന് വിജയം അനായാസമാക്കാം.
മണ്ഡലത്തില്‍ ഇപ്പോഴും ഒന്നാമത്തെ പാര്‍ട്ടി ബിജെപി തന്നെയാണ്. സിപിഎം വോട്ടുകള്‍ കൂടി ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിക്ക് ഇവിടെ വിജയിക്കാനാകൂ. കഴിഞ്ഞ തവണയും ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ശ്രീധരന്‍ വിജയിക്കുമെന്ന ഘട്ടം വന്നപ്പോള്‍ സിപിഎം അന്നത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ സഹായിക്കുകയായിരുന്നു.
എന്നിട്ടുപോലും ഷാഫിയുടെ വിജയം 3200 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. ഇതാണ് ഇത്തവണ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നണിക്കപ്പുറം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയില്ലെന്നതാണ് വിലയിരുത്തല്‍.
ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായാല്‍ ബിജെപിയില്‍ നിന്നുതന്നെ വോട്ടുചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയും നേതൃത്വം കാണുന്നുണ്ട്
പാലക്കാട് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ ശോഭ സുരേന്ദ്രന് വേണ്ടി പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ശോഭ സുരേന്ദ്രനെ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം.
നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ വെച്ചിട്ടുണ്ട്. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് നിലവിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കോൺഗ്രസിലും സിപിഎമ്മിലും സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ടുള്ള ചർച്ച സജീവമാണ്.
കേരളത്തിൽ തിരഞ്ഞെടുപ്പ് വിഷയം ചർച്ചയാകുമ്പോൾ ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎമ്മിൽ ആലോചന. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായി.
നിലവിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് ബിനുമോൾ. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമാണ്. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകൾ കൂടിയാണ്.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്കാണ് മുൻഗണന ലഭിച്ചത്. ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മലമ്പുഴ ഡിവിഷനിൽ നിന്നാണ് .