പശുക്കിടാവിനെ അപ്പാടെ ജീവനോടെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്. ഒടുവിൽ ചത്ത കിടാവിനെ പുറത്തെടുത്ത ശേഷം പാമ്പിനെ വനത്തിലേക്ക് വിട്ടു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. A python tried to swallow the calf alive
വനത്തിന് സമീപത്ത് കന്നുകാലികളെ മേയ്ച്ചിരുന്നവരാണ് പെരുമ്പാമ്പ് പശുക്കിടാവിനെ വിഴുങ്ങുന്ന കാഴ്ച ആദ്യം കണ്ടത്. പശുക്കിടാവിനെ വിഴുങ്ങുന്ന നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തുമ്പോഴേക്കും പശുക്കിടാവിന്റെ ശരീരത്തിന്റെ പകുതി ഭാഗവും പാമ്പ് അകത്താക്കിയിരുന്നു.
വേഗത്തിൽ പശുക്കിടാവിനെ പുറത്തെടുക്കാനായാൽ അതിനെ ജീവനോടെ രക്ഷപ്പെടുത്താം എന്ന തോന്നലിൽ നാട്ടുകാർ പെരുമ്പാമ്പിനെ വിടാതെ വളഞ്ഞു. കമ്പുകളും വടികളുംകൊണ്ട് പാമ്പിന്റെ വായഭാഗം അല്പം കൂടി പിളർത്തി പശുക്കിടാവിനെ പുറത്തെടുക്കാനായിരുന്നു നീക്കം.
കമ്പുകൾ ഉപയോഗിച്ച് പശുക്കിടാവിനെ തള്ളി പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഈ ശ്രമങ്ങൾ വിഫലമായിരുന്നു. അതിനോടകം പെരുമ്പാമ്പിന്റെ വായ്ക്കുള്ളിൽ തന്നെ ശ്വാസംമുട്ടി പശുക്കിടാവിന്റെ ജീവൻ നഷ്ടപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ യഥാസമയം സ്ഥലത്തെത്തിയിരുന്നെങ്കിൽ പശുക്കിടാവിനെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നു എന്നും നാട്ടുകാർ പറയുന്നു. ജഡം പുറത്തെടുത്ത ശേഷം പെരുമ്പാമ്പിനെ നാട്ടുകാർ തന്നെ പിടികൂടി വന മേഖലയിലേയ്ക്ക് തുറന്നു വിട്ടു.
സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ് ധാരാളം പ്രദേശവാസികൾ ഇവിടെ തടിച്ചുകൂടി. ഇവരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.