ആലപ്പുഴ: ചട്ടിയും കലവുമാകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. അങ്ങനെ പൊട്ടിതകർന്ന ഒരു ചട്ടി വീണ്ടും ഒട്ടിച്ചെടുത്തിരിക്കുകയാണ് ആലപ്പുഴയിൽ. 2006 ഓഗസ്റ്റ് 31നായിരുന്നു സുബ്രഹ്മണ്യന്റേയും കൃഷ്ണകുമാരിയുടേയും വിവാഹം. 2008-ൽ ഒരു മകൾ ജനിച്ചു. ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നതിനിടെ ഇരുവർക്കുമിടയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ പൊട്ടിമുളച്ചു, നിസാരപ്രശ്‌നങ്ങൾ ഒടുവിൽ വലിയ വഴക്കിൽ കലാശിച്ചു. ഒടുവിൽ ബന്ധം വേർപെടുത്താൻ തീരുമാനിച്ച് കോടതിയെ സമീപിച്ചു. 2010 മാർച്ച് 29ന് നിയമപരമായി വിവാഹബന്ധം വേർപെടുത്തി. വാടയ്ക്കൽ അംഗൻവാടിയിലെ ഹെൽപ്പറായ കൃഷ്ണകുമാരിക്ക് ഒന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ മടക്കിനൽകിയാണ് സുബ്രഹ്മണ്യൻ വഴിപിരിഞ്ഞത്. എന്നാൽ ഒരു നിയോഗമെന്നോണം ഇരുവരും വീണ്ടും വിവാഹിതരായി. അതും ബന്ധം വേർപിരിഞ്ഞ അതേ കോടതിയിൽ തന്നെ. സാക്ഷിയായത് സ്വന്തം മകളും. ആലപ്പുഴ കളർകോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനുമായ അമ്പത്തിയെട്ടുകാരൻ സുബ്രഹ്മണ്യനും ആലപ്പുഴ കുതിരപ്പന്തി രാധാനിവാസിൽ കൃഷ്ണകുമാരി (49)യുമാണ് ഇന്നലെ രാവിലെ കോടതി വളപ്പിൽ ഒരുമിച്ചത്.
കുടുംബ വഴക്കിനെത്തുടർന്ന് 14 വർഷം മുമ്പ് വിവാഹമോചനത്തിലൂടെ വേർപിരിഞ്ഞ ദമ്പതികൾ ജീവിതയാത്രയിൽ ഒരിക്കൽക്കൂടി ഒന്നായതിന്റെ സന്തോഷത്തിലാണ് ബന്ധുക്കൾ. മാതാപിതാക്കളുടെ ഒരുമിക്കലിനു സ്‌നേഹമധുരവുമായി ഏക മകൾ സാക്ഷിയായെത്തിയതോടെ ഇരട്ടിസന്തോഷം. ഇനിയുള്ള ഇവരുടെ യാത്ര ഒരുകുടക്കീഴിൽ. നിരവധി ദമ്പതികളുടെ വഴിപിരിയലിനു വേദിയായ ആലപ്പുഴ കുടുംബ കോടതി വളപ്പിലായിരുന്നു അത്യപൂർവമായ ഒത്തുചേരൽ. ഏകമകളുടെ ജീവിതസുരക്ഷ കണക്കിലെടുത്താണ് ഒരുമിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസടക്കം മികച്ച വിജയം നേടിയ മകൾ അഹല്യ എസ്. നായരായിരുന്നു അച്ഛനമ്മമാർ വീണ്ടും ഒന്നിക്കുന്നതിൽ ഏറെ ആഹ്‌ളാദിച്ചത്. കോടതിയിൽനിന്ന് പുറത്തിറങ്ങിയ ദമ്പതികൾ മധുരം നുകർന്നാണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. സുബ്രഹ്മണ്യനുവേണ്ടി അഭിഭാഷകരായ ആർ. രാജേന്ദ്രപ്രസാദ്, എസ്.വിമി, ജി.സുനിത എന്നിവരും കൃഷ്ണകുമാരിക്കുവേണ്ടി അഡ്വ. സൂരജ് ആർ. മൈനാഗപ്പള്ളിയും ഹാജരായി.
മകളുടെ ചെലവിനായി ജീവനാംശം കിട്ടണമെന്ന് ആവശ്യപ്പെട്ട് 2020-ൽ കൃഷ്ണകുമാരി ആലപ്പുഴ കുടുംബകോടതിയിൽ ഹർജി നൽകി. പ്രതിമാസം 2000 രൂപ നൽകാനായിരുന്നു വിധി. ഇതിനെതിരേ സുബ്രഹ്മണ്യൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയ കോടതി പ്രശ്‌നം രമ്യമായി പരിഹരിക്കാനും നിർദേശിച്ചു. കേസ് വീണ്ടും കുടുംബകോടതി ജഡ്ജി വിദ്യാധരന്റെ മുന്നിലെത്തി. അദ്ദേഹത്തിന്റെകൂടി ഇടപെടലിലാണ് മഞ്ഞുരുകിയത്. മകളുടെ സംരക്ഷണത്തിനും ശോഭനമായ ഭാവിക്കുമായി ഒരുമിച്ച് താമസിക്കാനുള്ള നിർദേശം ഇരുവരും അംഗീകരിക്കുകയായിരുന്നു. ഇരുവരുടെയും അഭിഭാഷകരും അനുകൂലമായ നിലപാട് സ്വീകരിച്ചു. പുനർവിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും കോടതിയിൽ സമർപ്പിച്ചു.