മാലിന്യം എന്നും പ്രശ്നമാണ്. മനുഷ്യന്റെ പ്രവർത്തനം മൂലം മലിനമാകുന്ന ഭൂമിയെക്കുറിച്ച് ചർച്ചകളൊക്കെ നടക്കാറുണ്ടെങ്കിലും പരിഹാരം ഉണ്ടാവാറില്ല. എന്നാൽ, ഇതിനു ഭാഗികമായെങ്കിലും പരിഹാരം ഉണ്ടാകുമെന്നാണ് അടുത്തിടെ വരുന്ന ഗവേഷണങ്ങൾ തെളിയിക്കുന്നത്. A permanent solution to the waste problem; Australia with new technology
ഓസ്‌ട്രേലിയയിലെ മക്വയർ സർവകലാശാലയിലെ ഗവേഷകരാണ് ഈ ഉദ്യമത്തിന് പിന്നിൽ. ജനിതകഗവേഷണം വഴി ഈച്ചകളിൽ പരിഷ്‌കാരം വരുത്തി പുതിയ ഈച്ചകളെ സൃഷ്ടിച്ച് മാലിന്യപ്രശ്‌നത്തിന് പരിഹാരമേകാനാണ് ഇവരുടെ ശ്രമം.
മനുഷ്യർ പുറത്തുവിടുന്ന ഓർഗാനിക് ഗണത്തിലുള്ള മാലിന്യത്തെയാണ് ഇത് ഭക്ഷിക്കുന്നത്. അതിനു ശേഷം ലൂബ്രിക്കന്റുകൾ, ബയോഫ്യുവൽ തുടങ്ങി കാലിത്തീറ്റ ആയി വരെ ഉപയോഗിക്കാവുന്ന രാസ ഘടകങ്ങൾ ഇവ ഉൽപാദിപ്പിക്കും.
ആഗോളതാപനത്തിനു വഴിവയ്ക്കുന്ന പ്രധാനപ്പെട്ട വാതകങ്ങളിലൊന്നാണ് മീഥെയ്ൻ. ഓർഗാനിക് മാലിന്യങ്ങളിൽ നിന്ന് മീഥെയ്ൻ ഉത്പാദിപ്പിക്കപ്പെടുന്നതിന് കുറവുണ്ടാക്കാമെന്നതാണ് ഈ ഈച്ചകളുടെ ഏറ്റവും വലിയ ഉപയോഗം. ഭൂമിയിലെ മാലിന്യപ്രശ്‌നത്തിനെതിരെയുള്ള ഏറ്റവും വലിയ പോരാളികൾ ഭാവിയിൽ ഈച്ചയുൾപ്പെടെ കീടങ്ങളായിരിക്കുമെന്നാണ് മക്വയർ സർവകലാശാലാ ഗവേഷകരുടെ അഭിപ്രായം.
അന്റാർട്ടിക്ക ഒഴിച്ച് ഭൂമിയിലെ എല്ലാ വൻകരകളിലും കാണപ്പെടുന്ന ഈച്ചകളാണ് ബ്ലാക് സോൾജ്യർ ഫ്ലൈ. കംപോസ്റ്റ് കുഴികളുടെയൊക്കെ സമീപം ഇവയെ കാണാം. ഇവയുടെ ലാർവകളും വൻതോതിൽ മാലിന്യം തിന്നുതീർക്കുന്നവയാണ്. ഈ സാധ്യതയാണ് പ്രയോജനപ്പെടുത്താം എന്ന് ഗവേഷകർ കരുതുന്നത്.









