ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ഗൃഹനാഥന് തുണയായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. കാര്യമറിഞ്ഞതോടെ അഭിനന്ദനവുമായി നാട്ടുകാരും എത്തി. A new life for the young man under the care of the driver and conductor
പാണത്തൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിൽ വ്യാഴാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം.
മാലക്കല്ലിൽനിന്നുമാണ് യുവാവ് ബസ്സിൽ കയറിയത്. കാഞ്ഞങ്ങാട്ടേക്ക് ടിക്കറ്റെടുത്ത കള്ളാർ പെരുമ്പള്ളിയിലെ കെ.ടി. ശ്രീരാജ് (33) ചുള്ളിക്കരയെത്തിയപ്പോൾ തലകറങ്ങി വീഴുകയായിരുന്നു.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ സമയനഷ്ടമോ ട്രിപ്പ് മുടങ്ങുന്നതോ നോക്കാതെ ഡ്രൈവർ പ്രകാശനും കണ്ടക്ടർ കെ. രാജേഷും ഉണർന്നു പ്രവർത്തിച്ചു.
ഇരുവരും ചേർന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള പൂടംകല്ലിലെ താലൂക്ക് ആസ്പത്രിയിലേക്ക് ബസ് തിരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നൽകി.
യാത്രക്കാരൻ സുരക്ഷിതനാണെന്ന് അറിഞ്ഞശേഷമാണ് ബസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചുപോയത്.
യഥാസമയം അടിയന്തര ചികിത്സ ലഭിച്ചതോടെ സുഖം പ്രാപിച്ച ശ്രീരാജ് ഉച്ചയോടെ ആസ്പത്രി വിട്ടു.
യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയെന്നത് മാത്രമായിരുന്നു ആ സമയത്തെ ചിന്തയെന്ന് പ്രകാശനും രാജേഷും പറയുന്നു.