മൃതദേഹപരിശോധനയ്ക്കിടെ, ‘പരേതൻ’ കാലൊന്നിളക്കി. മരിച്ചെന്നു കരുതി മണിക്കൂറുകളോളം നിർജീവമായിക്കിടന്ന ശരീരത്തിലെ അനക്കം കണ്ട് ആദ്യമൊന്നു പകച്ചെങ്കിലും, ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ പൊലീസുകാർ ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി ആളെ ആശുപത്രിയിലെത്തിച്ചു. A new life for a young man in Alappuzha under the care of the police
ആലപ്പുഴ ജില്ലാക്കോടതിക്കു പിന്നിലെ ജുമാമസ്ജിദിന്റെ കോംപ്ലക്‌സിൽ ഒറ്റയ്ക്കു വാടകയ്ക്കു കഴിയുകയായിരുന്നു സ്റ്റേഡിയം വാർഡ് ഹാജി മൻസിലിൽ റിയാസ് ആണ് പോലീസിന്റെ കരുതലിൽ പക്ഷാഘാതത്തിന്റെ അപകടനില തരണം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.
ബുധനാഴ്ച രാത്രി ഇവിടെയെത്തിയ സഹോദരീഭർത്താവാണു റിയാസ് ‘മരിച്ചു’ കിടക്കുന്നതായി കണ്ടത്.ശരീരത്തിന്റെ പകുതി ഭാഗം കട്ടിലിലും ബാക്കി നിലത്തുമായി മലർന്നു കിടക്കുന്ന സ്ഥിതിയിലായിരുന്നു ആൾ.
വാതിൽ അകത്തു നിന്നു പൂട്ടിയിരുന്നു. ഉടൻ നോർത്ത് സ്റ്റേഷനിൽ വിവരമറിയിച്ചു. അവിടെ നിന്നു 2 പൊലീസുകാരെത്തി വാതിൽ കുത്തിത്തുറന്നു പരിശോധിച്ച് ‘മരണം’ സ്ഥിരീകരിച്ചു. എഫ്ഐആറും തയാറാക്കി.
മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയം ഇതിനിടെ ഡിവൈഎസ്പി: മധു ബാബുവിനെ പൊലീസ് അറിയിച്ചു. പുലർച്ചെ മൂന്നോടെ അദ്ദേഹം സ്ഥലത്തെത്തി. കുനിഞ്ഞു നിന്ന് മൃതദേഹം പരിശോധിക്കുമ്പോഴാണു ‘പരേതൻ’ മടങ്ങിയിരുന്ന കാൽ നീട്ടിവച്ചത്.
ആദ്യം അമ്പരന്നെങ്കിലും പോലീസ് ഉണർന്നു പ്രവർത്തിച്ചു. അതിവേഗത്തിൽ ആംബുലൻസിൽ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.
പക്ഷാഘാതം വന്നു ശരീരം നിശ്ചലമായതാണെന്നു പരിശോധനയിൽ ബോധ്യമായി. ഇന്നലെ രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് അപകടനില തരണം ചെയ്തു വരികയാണ്.
മരിച്ചെന്നു കരുതിയ ആൾ ജീവിതത്തിലേക്ക് തിരിച്ചുവന്ന സന്തോഷത്തിലാണ് ബന്ധുക്കൾ. കൃത്യമായ കരുതലിൽ ഒരു ജീവൻ രക്ഷിക്കണതിനയെ ചാരിതാർധ്യത്തിൽ പോലീസുകാരും.