തിരുവനന്തപുരം: കഴക്കൂട്ടത്ത് മധുര സ്വദേശിനി ട്രെയിനിൽ നിന്ന് വീണു മരിച്ചു. മധുര ഇരവത്താനല്ലൂർ ആഡൈക്കുളം പിള്ളൈ കോളനി സ്വദേശി കാർത്തിക ദേവിയാണ് (35) മരിച്ചത്.
കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുനലൂർ- മധുര എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രെയിനിന്റെ അടിയിൽ വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി 7.45നാണ് സംഭവം.
കാർത്തികയും ഭർത്താവും മക്കളും അടങ്ങുന്ന 13 അംഗ സംഘം 29ന് മധുരയിൽ നിന്ന് കഴക്കൂട്ടത്ത് വിനോദസഞ്ചാരത്തിനെത്തിയതാണ്. തിരികെ മടങ്ങവേയാണ് അപകടം. എസ് മൂന്ന് കോച്ചിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇവർ പ്ലാറ്റ്‌ഫോം മൂന്നിലാണ് നിന്നതെങ്കിലും ട്രെയിൻ നിന്നത് മറ്റൊരു പ്ലാറ്റ്‌ഫോമിലായിരുന്നു.
ട്രെയിൻ പോകുന്നത് കണ്ട് ഭർത്താവ് സെൽവകുമാർ ഉൾപ്പെടെ മൂന്നുപേർ ട്രെയിനിൽ ഓടിക്കയറി. ഇതു കണ്ട് കാർത്തിക കയറുന്നതിനിടെ കാൽവഴുതി ട്രെയിനിനടിയിൽ വീണ് തത്ക്ഷണം മരിക്കുകയായിരുന്നു.
ബന്ധുക്കളുടെ വലിയ ബഹളം കേട്ടതോടെ ട്രെയിൻ നിറുത്തി. കാർത്തികയുടെ ഭർത്താവ് ശെൽവകുമാർ മധുരയിൽ ജുവലറി ഉടമയാണ്. സംഭവത്തിൽ തുമ്പ പൊലീസ്,റെയിൽവേ പൊലീസ് എന്നിവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.