അബുദാബി: നിയമക്കുരുക്കു മൂലം നാട്ടിൽ പോകാനാകാതെ അബുദാബിയുടെ തെരുവുകളിൽ അലയുന്ന മലയാളി.A Malayali wandering the streets of Abu Dhabi unable to go home due to legal entanglements
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫയാണ് ചെക്ക് കേസുള്ളതിനാൽ നാട്ടിലേക്കു പോകാൻ കഴിയാതെ അബുദാബിയിൽ പെട്ടുപോയത്. സ്വന്തം സഹോദരനാണ് ഷാഫി മുസ്തഫയുടെ ഈ അവസ്ഥക്ക് കാരണം എന്നതാണ് മറ്റൊരു ദുരന്തം.
ചെക്കുകേസിൽ പ്രതിയായതോടെ 3 വർഷമായി വിസയില്ലാതെ കഴിയുകയാണ് ഷാഫി. കേസുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാനാകില്ല, ആരും ജോലിയും നൽകിയില്ല .
തെരുവിലും പാർക്കിലും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും ഒക്കെ കിടന്നുറങ്ങിയും പരിചയക്കാരുടെ റൂമുകളിൽ പോയി കുളിച്ച് വേഷം മാറിയുമാണ് ഇദ്ദേഹം ഓരോ ദിവസവും തള്ളിനീക്കുന്നത്. ആരെങ്കിലും അറിഞ്ഞ് ഭക്ഷണം നൽകിയാൽ വിശപ്പ് മാറും. അല്ലെങ്കിൽ മുഴുപ്പട്ടിണിയും.
കുറച്ചു വർഷങ്ങൾ സൗദിയിൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്തു. അലർജി കാരണം ആ ജോലിയിൽ തുടരാൻ സാധിച്ചില്ല. 2019ൽ കോവിഡിനു തൊട്ടു മുന്നേയാണ് സന്ദർശക വീസയിൽ യുഎഇയിൽ എത്തിയത് സൈൻ ബോർഡ് കമ്പനിയിലായിരുന്നു ജോലി.
ശമ്പള കുടിശിക മൂലം ആറാം മാസത്തിൽ ആ ജോലി രാജിവച്ചു.കോവിഡ് സമയത്ത് വീസ പുതുക്കാനായില്ല. ഇളവുകാലം കഴിയുന്നതിന് മുൻപ് വൻതുക നൽകി മറ്റൊരു വീസയിലേക്കു മാറി.
വേറൊരു ജോലി ചെയ്തുകൊണ്ടിരിക്കെ സഹോദരൻ റഷീദ് മുസ്തഫയുടെ നിർബന്ധത്തിനു വഴങ്ങി ഇരുവരും ചേർന്ന് അബുദാബിയിൽ റസ്റ്ററന്റ് എടുത്തുനടത്താൻ തുടങ്ങിയതോടെ പ്രശ്നത്തിനും തുടക്കമായി.
റസ്റ്ററന്റിലെ ജീവനക്കാരെ താമസിപ്പിക്കാൻ എടുത്ത ഫ്ലാറ്റിന്റെ വാടകയ്ക്കായി ഷാഫിയുടെ ചെക്കാണ് റഷീദ് കെട്ടിട ഉടമയ്ക്ക് നൽകിയിരുന്നത്. കച്ചവട ആവശ്യാർഥം പലർക്കായി ഇങ്ങനെ ഷാഫിയുടെ 6 ചെക്ക് നൽകി.
8 മാസമാകുമ്പോഴേക്കും കടം കൂടിയപ്പോൾ മറ്റു മാർഗ്ഗമില്ലെന്നു മനസിലാക്കി കച്ചവടം നിർത്തി സഹോദരൻ റഷീദ് മുങ്ങി.ഇതോടെ ബാധ്യത മുഴുൻ തനിക്കായതായി . ഇക്കാര്യങ്ങൾ ധരിപ്പിച്ച് ചെക്ക് ബാങ്കിൽ നൽകരുതെന്ന് അഭ്യർഥിച്ചെങ്കിലും കെട്ടിട ഉടമ കേസ് ഫയൽ ചെയ്തു. നിയമക്കുരുക്കിലകപ്പെട്ട് നാട്ടിലേക്കു പോകാൻ പറ്റാതായി.
14,500 ദിർഹം കെട്ടിട ഉടമയ്ക്ക് നൽകിയാൽ കേസ് പിൻവലിക്കാമെന്ന് അറിയിച്ചെങ്കിലും ഷാഫിയുടെ കയ്യിൽ ഒരു ദിർഹം പോലുമില്ലാത്തതിനാൽ അത് നടന്നില്ല.
സുമനസുകളിൽ പ്രതീക്ഷ വക്കുകയാണ് ഷാഫി .നിയമക്കുരുക്ക് തീർത്ത് കിട്ടിയാൽ ഒരു ജോലി തരപ്പെടുത്തി കടബാധ്യതകൾ തീർക്കാനാണ് താൽപര്യം. സൈൻ ബോർഡ് രംഗത്ത് വർഷങ്ങളുടെ തൊഴിൽ പരിചയമുള്ളതിനാൽ ജോലി പെട്ടെന്ന് ലഭ്യമാകുമെന്നും ഷാഫി കരുതുന്നു
‘മൂന്നു വർഷമായി നാട്ടിൽ പോയിട്ട്. ഏക മകളെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. രോഗങ്ങളുമായി മല്ലിട്ടു കഴിയുന്ന ഉമ്മയെ ഒരുനോക്കു കാണണം’ –എന്നും ഷാഫി പറഞ്ഞു