ലണ്ടൻ: പുതുവർഷ ദിനത്തിൽ യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ഗുജറാത്തിലെ രാജ്ഘോട്ടിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകൾ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരിച്ചത്. പുതുവർഷ ദിനത്തിൽ അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു മരണം.
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർഥിനിയാണ് മരിച്ച സ്റ്റെനി എലിസബത്ത് ഷാജി. കഴിഞ്ഞ വർഷമാണ് സ്റ്റെനി വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയത്. ലണ്ടനിലെ വെമ്പ്ളിയിൽ സഹ വിദ്യാർഥികൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
ഒരാഴ്ച മുൻപ് സ്റ്റെനിക്ക് പനി, ചുമ തുടങ്ങിയവ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ജിപിയുടെ ചികിത്സ സഹായം തേടിയിരുന്നു. എന്നാൽ സ്റ്റെനിക്ക് ശാരീരിക അസ്വസ്ഥതകൾ പൂർണ്ണമായും വിട്ടു മാറിയിരുന്നില്ല.
കഴിഞ്ഞ ദിവസം രാത്രിയോടെ അസുഖം മൂർച്ഛിക്കുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയയുമായിരുന്നു.
എന്നാൽ വിദഗ്ദമായ ചികിത്സയ്ക്ക് ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാർനെറ്റിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്റ്റെനിയുടെ അപ്രതീക്ഷിത വേർപാടിലുണ്ടായ ഞെട്ടലിലാണ് യു കെയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഗുജറാത്തിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗമാണ്. മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിച്ചു സാംസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനായി വെമ്പ്ളിയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ മലയാളി സമൂഹങ്ങൾ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. കുഞ്ഞുമോളാണ് മാതാവ്. ആൽബി സഹോദരൻ.