അബുദാബി: അബുദാബിയിൽ മലയാളി ബാലൻ വാഹനമിടിച്ച് മരിച്ചത് സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്തുകൂടി കുറുകെ കടക്കവെ. കണ്ണൂർ പിലാത്തറ സ്വദേശി എം.പി.ഫസലുറഹ്മാന്റെയും പി.ആയിഷയുടെയും മകനായ ഷാസിൽ മഹ്മൂദ് ആണ് മരിച്ചത്. ഷാസിൽ മഹ്മൂദ് വീടിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം വീട്ടിലേക്കു പോകാൻ സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്തുകൂടി കുറുകെ കടക്കവെ വാഹനം ഇടിക്കുകയായിരുന്നു.
മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഷാസിൽ മഹ്മൂദ് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് മുറിച്ചുകടക്കവെയാണ് വാഹനമിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഷാസിൽ തൽക്ഷണം മരിച്ചു. അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനാണ് കുട്ടിയുടെ പിതാവ് എം.പി.ഫസലുറഹ്മാൻ. എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി അധ്യാപികയാണ് പി.ആയിഷ. സഹോദരൻ റിഹാം.
റോഡിന്റെ ഒരു വശത്ത് വില്ലകളിലും മറുവശത്ത് ബഹുനില കെട്ടിടങ്ങളിലുമായി ആയിരക്കണക്കിന് പേർ താമസിക്കുന്നുണ്ട്. ഇരുദിശകളിലുമായി ബസ് സ്റ്റോപ്പിലും മറ്റും ഇറങ്ങുന്നവർ തൊട്ടടുത്തുള്ള സിഗ്നലിലെ സീബ്രാ കോസ് വരെ നടക്കാൻ മടിച്ച് അലക്ഷ്യമായി റോഡിന് കുറുകെ കടക്കുന്നത് പതിവാണ്.
രാത്രിയായാലും പകലായാലും എത്ര തിരക്കുണ്ടെങ്കിലും സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 200 മുതൽ 400 ദിർഹം വരെ പിഴ ചുമത്തും. സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.