തിരുവനന്തപുരം: വർക്കലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യാപകമായി ലഹരി മരുന്നുകൾ പിടിച്ചെടുത്തു. ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ലഹരി മരുന്നുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളെ വർക്കല പൊലീസ് അറസ്റ്റു ചെയ്തു.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുമ്പ് റിസോർട്ടുകൾ പോലുള്ളവ കേന്ദ്രീകരിച്ച് സംസ്ഥാന പൊലീസ് പരിശോധന നടത്തുന്നത് പതിവാണ്. എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ റിസോർട്ടുകളിൽ നിന്ന് രാസലഹരികൾ പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ ഡൊമിനിക്, സന്ദീപ് എന്നിവരാണ് പിടിയിലായത്.
തിരുുവനന്തപുരത്തെ കോവളം, വർക്കല തുടങ്ങിയ പ്രധാന ടൂറിസ്റ്റ് മേഖലകളിൽ പരിശോധനകൾ തുടരും. ക്രിസ്മസിന് മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ ലഹരി മരുന്നുകൾ പിടികൂടാനായി പരിശോധനകൾ നടത്തുന്നുണ്ട്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് എക്സൈസിന്റെ സഹായത്തോടെയും പരിശോധനകൾ നടത്തുമെന്ന് വർക്കല എസ്എച്ച്ഒ പ്രവീൺ ജെ.എസ് അറിയിച്ചു.