കൊച്ചിയിൽ 59 കാരിയായ സ്ത്രീയ ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച സംഭവത്തിൽ പിടിയിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.ഈ മാസം 13നായിരുന്നു പൊന്നുരുന്നി റെയിൽവേ ഷണ്ടിങ് സ്റ്റേഷന് സമീപത്ത് വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം പ്രതി ഇവരെ റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.ഇവരുടെ സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.
ആലപ്പുഴ സ്വദേശിയായ സ്ത്രീ നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രിക്ക് വൃത്തങ്ങൾ അറിയിച്ചു. പ്രതിയായ ഫിർദോസ് അലി 10 വർഷമായി എറണാകുളം റെയിൽവേ കോളനിയിൽ താമസിക്കുന്നയാളാണ്. നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് ആലുവയിലേക്ക് പോകാൻ സഹായിക്കാമെന്ന് പറഞ്ഞാണ് സ്ത്രീയെ, പ്രതി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് സൗത്ത് റെയിൽവെ സ്റ്റേഷൻ ഭാഗത്ത് എത്തിച്ച് മൂന്ന് മണിക്കൂറോളം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.എറണാകുളം എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.