ഹജ്ജ് തീർഥാടനത്തിനിടെ മുസ്‌ലിങ്ങളുടെ പുണ്യ സ്ഥലമായ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരിയായ നൈജീരിയൻ സ്വദേശി. സൗദി അറേബ്യയിലെ മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചാണ് ഇവർ കുഞ്ഞിന് ജൻമം നൽകിയത്. ഇത്തവണത്തെ ഹജ്ജ് തീർഥാടന സീസണിലെ ആദ്യത്തെ കുഞ്ഞാണിത്. (A 30-year-old woman gave birth to a baby in Mecca during the Hajj pilgrimage)
വിശുദ്ധ നഗരത്തിൽ വെച്ച് പിറന്ന കുഞ്ഞായതിനാൽ മുഹമ്മദ് എന്നാണ് ദമ്പതികൾ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. സുഖപ്രസവമാണ് നടന്നതെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
പ്രസവം നേരത്തെയാണ് നടന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഗർഭിണിയായി 31 ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് പ്രസവം. അതിനാൽ പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലെ എമർജൻസി റൂമിലാണ് നേരിട്ട് പ്രവേശിപ്പിച്ചത്. ശാരീരിക അവസ്ഥ പരിഗണിച്ച് അത്യാധുനിക ചികിത്സയാണ് ഡോക്ടർമാർ യുവതിക്ക് നൽകിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോൾ എത്രയും പെട്ടെന്ന് തന്നെ യുവതിയെ ലേബർ റൂമിലേക്ക് മാറ്റി.