പത്തനംതിട്ട: പതിറ്റാണ്ടുകളായി കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറ്റിൽ പുലർച്ചെ നോക്കുമ്പോൾ പാൽനിറത്തിലുള്ള വെള്ളം! വീട്ടുകാർ കോരിയെടുത്ത് നോക്കിയപ്പോഴാണ് കിണർവെള്ളം നിറംമാറിയതാണെന്ന് മനസ്സിലായത്.
പത്തനംതിട്ടയിലെ അതുമ്പംകുളത്ത് ആനന്ദന്റെ വീട്ടിലെ കിണറ്റിലാണ് സംഭവം. ആദ്യകാഴ്ച്ചയിൽ പാലാണോ എന്ന് ആർക്കും സംശയം തോന്നും. കഴിഞ്ഞ 32 വർഷമായി കുടുംബം ഉപയോഗിച്ചുവന്നിരുന്ന കിണറ്റിലാണ് ഈ അത്ഭുത പ്രതിഭാസം നടന്നത്.
കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റിൽ നിന്നും ഇപ്പോൾ കിട്ടുന്ന വെള്ളത്തിന്റെ നിറം വെള്ളയായത് എങ്ങനെ എന്ന സംശയത്തിലാണ് വീട്ടുകാർ. പാൽ പോലെ വെള്ളത്തിന്റെ നിറം മാറിയതിന്റെ ആശങ്കയിലാണ് അതുമ്പംകുളത്തെ ആനന്ദനും കുടുംബവും.
മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ വെള്ളത്തിന്റെ നിറം മാറാൻ സാദ്ധ്യതയുള്ള കാരണങ്ങളൊന്നും പരിസരപ്രദേശങ്ങളിലില്ല. കിണറ്റിൽ വെള്ളത്തിന് പകരം വെള്ള നിറത്തിലുള്ള ദ്രാവകം എങ്ങനെയെത്തി എന്ന അന്വേഷണത്തിലാണ് നാട്ടുകാരും വീട്ടുകാരും.
ഈ പ്രത്യേക പ്രതിഭാസത്തിന്റെ കാരണമറിയാൻ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് മെമ്പർ രഞ്ജു വ്യക്തമാക്കി. ഇതിന്റെ ഫലം അറിഞ്ഞാൽ മാത്രമേ കിണർ മൂടണോ ഉപയോഗിക്കണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു എന്നും രഞ്ജു പറഞ്ഞു.
വേനലിലും ഇതുവരെ വറ്റിയിട്ടില്ലാത്ത കിണറ്റിലെ വെള്ളമാണ് നിറം മാറിയത്. കടുത്ത ജലദൗർലഭ്യം നേരിടുന്ന പ്രദേശത്താണ് കിണറ്റിൽ ഈ പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. ഈ കിണർ ഉപയോഗശൂന്യമായാൽ കുടിവെള്ളത്തിന് മറ്റ് സൗകര്യങ്ങൾ പഞ്ചായത്ത് അധികൃതർ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









