റിയാദ്: പതിനാറ് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം രാജ്യം വിട്ട യുവാവിനെ പോലീസ് പിടികൂടി. വിവാഹശേഷം ദിവസങ്ങൾക്കുള്ളിൽ സൗദിയിലേക്ക് മടങ്ങിയ പ്രവാസി മലയാളിയെയാണ് അവിടെയെത്തി കേരള പോലീസ് സംഘം പിടികൂടിയത്.
യുവാവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് മാരേജ് ആക്റ്റ് ലംഘനം, പോക്സോ കേസ് എന്നിവയാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ മണ്ണാർക്കാട് പോലീസ് റിയാദിലെത്തി സൗദി പൊലീസിൽ നിന്ന് ഏറ്റുവാങ്ങി നാട്ടിലേക്ക് യാത്ര തിരിച്ചു.
മണ്ണാർക്കാട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് എന്ന യുവാവാണ് പോലീസ് പിടിയിലായത്. 2022-ലാണ് 16 വയസ്സുള്ള കുട്ടിയെ ഇയാൾ വിവാഹം കഴിച്ചത്. റിയാദിൽ ജോലി ചെയ്തുവരികയായിരുന്ന ഇയാൾ കല്യാണത്തിനായി നാട്ടിലെത്തുകയും, കല്യാണ ശേഷം ഏതാനും ദിവസങ്ങൾക്കകം തന്നെ തിരികെ പോവുകയുമായിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് ശേഷം ഭർത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയും, ബന്ധുക്കളും മണ്ണാർക്കാട് പോലീസിൽ പരാതി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പോലീസ് സ്റ്റേഷനിൽ ലഭിച്ചപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റവും കൂടി ഉൾപ്പെട്ടതായി കണ്ടെത്തിയത്.
തുടർന്ന് ഈ നിയമപ്രകാരം വധുവിന്റെ മാതാപിതാക്കൾക്കെതിരെയും പോലീസ് കേസെടുത്തു. പക്ഷെ പ്രതി സൗദിയിലായതിനാൽ പോലീസ് ഇറർപോളിൻറെ സഹായം തേടുകയായിരുന്നു.
ഇതിനിടെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതോടെ അറസ്റ്റ് ഭയന്ന് യുവാവ് 2022-ന് ശേഷം നാട്ടിലേക്ക് വന്നിട്ടില്ല.
കേരള പോലീസ് സഹായം ആവശ്യപ്പെട്ടതോടെ ഇൻറർപോൾ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാഷണൽ സെൻട്രൽ ബ്യുറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകാരം സൗദി ഇൻറർപോൾ പ്രതിയെ പിടികൂടുകയായിരുന്നു.
ജനുവരി 15 നാണ് യുവാവിന്റെ അറസ്റ്റ് സംബന്ധിച്ച വിവരം കേരള പോലീസിന് ലഭിക്കുന്നത്. ശേഷം ഉടൻ തന്നെ പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള തുടർനടപടിക്രമങ്ങളെല്ലാം ആരംഭിച്ചിരുന്നു.
ഇവയെല്ലാം പൂർത്തിയാക്കി ഈ മാസം 20-നാണ് മണ്ണർക്കാട് ഡി.വൈ.എസ്.പി സുന്ദരൻ, എസ്.സി പോലീസ് ഓഫീസർ കെ. നൗഷാദ്, സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ ഏറ്റുവാങ്ങുന്നതിനായി റിയാദിലെത്തിയത്.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പ്രതിയെ കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. മാർച്ച് 25 ന് രാത്രി 10 ഓടെ സൗദി നാഷനൽ ക്രൈം ബ്യുറോ പ്രതിയെ റിയാദ് കിങ് ഖാലിദ് എയർപ്പോർട്ടിൽ വെച്ച് കേരള പോലീസ് സംഘത്തിന് കൈമാറി.
ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി 11.55-ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ പ്രതിയുമായി പോലീസ് നാട്ടിലേക്ക് തിരിച്ചു.