ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ 20 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി സ്വദേശി അർജുനാണ് മരിച്ചത്. സംഭവശേഷം യുവാവിന്റെ മൃതദേഹം തുടർ നടപടികൾ ഒന്നും കൂടാതെ സംസ്‌കരിക്കാൻ വീട്ടുകാർ ശ്രമം നടത്തുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് യുവാവിന്റെ സംസ്കാരം തടഞ്ഞു. അർജുന്റേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.
യുവാവ് കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.
മരണത്തിൽ മറ്റു സംശയങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ടാണ് പോലീസിൽ അറിയിക്കാതെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചതെന്നും കുടുംബം പറഞ്ഞു.
അപ്പൂപ്പന്റെയും, അമ്മൂമ്മയുടെയും വീട്ടിലാണ് യുവാവ് കിടന്നിരുന്നത്. ഇന്ന് നേരം വെളുത്തിട്ടും അർജുൻ എഴുന്നേറ്റ് വരാതായതോടെ മുറി തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടതെന്നാണ് അപ്പൂപ്പൻ നൽകിയ മൊഴി. താനാണ് ആദ്യം മൃതദേഹം കണ്ടതെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.