തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക് മാറ്റി. ഇതിനു പിന്നാലെ ഇളയ മകൻ ഉള്‍പ്പടെ അഞ്ച് പേരുടെയും കൊലപാതക വിവരം ഷെമിയെ ഡോക്ടർമാർ അറിയിച്ചു. ഉമ്മയെയും ഇളയ മകൻ അഫ്സാനെയും അഫാൻ ആക്രമിച്ചുവെന്നായിരുന്നു ഷെമിയോട് ആദ്യം പറഞ്ഞിരുന്നത്.
ഇളയ മകൻ അഫ്സാൻ ഐസിയുവിൽ ആണെന്ന് മാത്രമേ ഷെമിയോട് പറഞ്ഞിരുന്നുള്ളു. ഇതിന് പിന്നാലെ ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മരണ വിവരം അറിയിച്ചില്ല. അതേസമയം, പ്രതി അഫാനെ പൊലീസ് വീണ്ടും കസ്റ്റഡിൽ വാങ്ങി. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അഫാന്‍റെ അച്ഛന്‍റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസിലാണ് പോലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിൽ വാങ്ങിയത്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാണ് ഇത്. അന്വേഷണ ഉദ്യോഗസ്ഥനായ കിളിമാനൂർ സിഐ ജയകുമാറാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. അഫാനെ നാളെ കൊലപാതകം നടത്തിയ വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.