യുകെയിൽ മലയാളി ദമ്പതികൾ തമ്മിലുള്ള തർക്കം കയ്യേറ്റത്തിലും കത്തിക്കുത്തിലും കലാശിച്ചു.
ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ ദമ്പതികള്‍ക്കിടയില്‍ ആണ് സംഭവം.
എറണാകുളം സ്വദേശിയായ ഭര്‍ത്താവിന്റെ കൈക്ക് എല്ല് പുറത്തു കാണാനാകും വിധം മാരക മുറിവ് ആണുള്ളത് എന്നാണ് സൂചന. വലിപ്പമേറിയ കത്തി ഉപയോഗിച്ചാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചത്. അതിനാലാണ് എല്ലുവരെ എത്തും വിധത്തില്‍ മുറിവ് ആഴമുള്ളതായി മാറിയത്.
വീട്ടിലെത്തിയ ഭര്‍ത്താവിനെ ഭാര്യ മുന്‍കരുതലോടെ മാരകമായി ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ ഭർത്താവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരുക്ക് മാരകമായതിനാല്‍ ആശുപത്രിയില്‍ പോകുന്നതിനു പോലീസിനെ ബന്ധപ്പെട്ടതോടെ ഭാര്യ അറസ്റ്റിലായി എന്നാണ് സൂചന.
എറണാകുളം സ്വദേശികളായ ദമ്പതികള്‍ ഒരു വര്‍ഷമായി സറ്റുഡന്റ് വിസയില്‍ ലണ്ടനില്‍ കഴിയുകയാണ്. ഇരുവരും പോസ്റ്റ് സ്റ്റഡി വിസയിലേക്ക് മാറിയതാണ് പറയപ്പെടുന്നത്. ഭര്‍ത്താവ് ഭാര്യയുടെ ഡിപെന്‍ഡഡ് വിസയില്‍ ആണ്.
ദാമ്പത്യത്തിലെ സംശയമാണ് വഴക്കിനു കാരണമായത് എന്നു പറയപ്പെടുന്നു.vഒട്ടേറെ മലയാളികള്‍ ഒന്നിച്ചു ജീവിക്കുന്ന ഒരു വീട്ടിലാണ് സംഭവം ഉണ്ടായത്.
ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികള്‍ ഉള്ളതിനാല്‍ യുവതിയെ റിമാന്‍ഡ് ചെയ്താല്‍ കുഞ്ഞുങ്ങളുടെ സംരക്ഷണവും കുഴപ്പത്തിലാകും എന്ന് ഇവരെ അടുത്ത് പരിചയമുള്ളവര്‍ വെളിപ്പെടുത്തുന്നു.
ഭര്‍ത്താവ് ഡിപെന്‍ഡഡ് വിസയില്‍ ആയതിനാല്‍ ഭാര്യയുടെ കേസും തുടര്‍ നടപടികളും ഭര്‍ത്താവിനെയും ബാധിക്കും എന്നതാണ് ഇതിലെ പ്രധാന പ്രശ്നം.