കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ വ്യാപക തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ ഉടൻ തിരികെ വീടുകളിലേക്ക് അയക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പകരം കെയർ ഹോമിലേക്കായിരിക്കും കുട്ടികളെ മാറ്റുക.
താനൂർ പൊലീസ് മുംബെെയിൽ എത്തിയ ശേഷം പെൺകുട്ടികളെ കൈമാറും. താനൂർ സ്റ്റേഷനിലെ എസ്‌ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി ഇതിനോടകം തന്നെ തിരിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥിനികളുമായി ഇവർ നാട്ടിലേക്ക് തിരിക്കും. കുട്ടികൾക്കായി വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ മുംബൈ-ചെന്നൈ എഗ്മേർ ട്രെയിനിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കുട്ടികളെ റെയിൽവേ പോലീസ് കണ്ടെത്തിയത്. പുലർച്ചെ 1.45 നായിരുന്നു ഇവരെ കണ്ടെത്തിയത്.
ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ കുട്ടികൾ പരീക്ഷയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നു എന്ന കാര്യം അറിയുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു. ഈ പേരും പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നുമിറങ്ങിയത്.
ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. പെൺകുട്ടികൾക്കൊപ്പം മുംബൈയിൽ എത്തിയ റഹീം അസ്‌ലം എന്നയാൾ കേരളത്തിലേക്ക് മടങ്ങിയിരുന്നു. ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകുമെന്നാണ് ലഭിക്കുന്ന വിവരം.