കൊല്ലം: ലൈംഗികാരോപണക്കേസിൽ പോലീസ്കുറ്റപത്രം നൽകിയതോടെ എം മുകേഷ് എം.എൽ.എയെ സംസ്ഥാന സമ്മേളന വേദിയിൽ നിന്നും പൂർണ്ണമായും മാറ്റി നിർത്തി സിപിഎം.
സ്ഥലം എംഎൽഎ എന്ന നിലയിൽ സമ്മേളനത്തിന്റെ സംഘാടനത്തിൽ മുൻപന്തിയിൽ നിൽക്കേണ്ട ആളായിരുന്നു എം മുകേഷ്. എന്നാൽ ഇന്നലെ മുതൽ പിബി അംഗങ്ങൾ വരെ എത്തിയിട്ടും മുകേഷിനെ അവിടെ എങ്ങും ആരും കണ്ടില്ല.
അതു മാത്രമല്ല സിപിഎം സംസ്ഥാന സമ്മേളനം സംബന്ധിച്ച് ഒരു പോസ്റ്റു പോലും അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച് വിജയിച്ച മുകേഷ് പങ്കുവച്ചിട്ടില്ല.
മുകേഷിനെതിരെ ലൈംഗികാരോപണം വന്നപ്പോൾ തന്നെ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നാണ് ആവശ്യം ഉയർന്നത്.
എന്നാൽ സമാനമായ ആരോപണം വന്നപ്പോൾ കോൺഗ്രസ് എംഎൽഎമാർ രാജിവച്ചില്ല എന്ന ന്യായീകരണം പറഞ്ഞ് മുകേഷിനെ സിപിഎം സംരക്ഷിക്കുകയായിരുന്നു.
എന്നാൽ മുകേഷ് കുറ്റക്കാരനാണെന്ന് പോലീസ് കുറ്റപത്രം നൽകിയതോടെ പാർട്ടി വേദികളിൽ നിന്ന് മാറ്റി നിർത്താൻ സിപിഎം തീരുമാനിച്ചു.
പക്ഷെ എംഎൽഎ എന്ന നിലയിൽ പൊതുപരിപാടികളിൽ മുകേഷിന് പങ്കെടുക്കാം എന്നാൽ പാർട്ടി വേദികളിൽ നിന്നും മാറ്റി നിർത്താനായിരുന്നു തീരുമാനം. ഈ വിലക്ക് തന്നെയാണ് സംസ്ഥാന സമ്മേളന വേദിയിലും തുടരുന്നതെന്നാണ് വിവരം. മുകേഷ് കൊല്ലം ജില്ലയിൽ ഇല്ലെന്നാണ് സചന.
എം മുകേഷിന്റെ അസാന്നിധ്യം സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെ വിലക്ക് മാറ്റി എം.എൽഎയെ സമ്മേളന നഗരിയിൽ അവതരിപ്പിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.