കൊച്ചി: വിദ്യാർത്ഥികൾക്ക് ഇടയിൽ എംഡിഎംഎ വിൽപ്പന നടത്തി വന്ന യുവാവ് പിടിയിൽ. വരാപ്പുഴ ഏലൂക്കര സ്വദേശി മുഹമ്മദ് നസീഫിനെയാണ് വരാപ്പുഴ എക്സൈസ് സംഘം പിടികൂടിയത് പ്രതിയിൽ നിന്നും മയക്കുമരുന്നും, തൂക്കി വിൽക്കുന്നതിന് ഉപയോഗിച്ച ഇലക്ട്രോണിക് വെയിങ്ങ് മെഷീൻ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകൾ, പണം, മൊബൈൽ എന്നിവയും കണ്ടെത്തി.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
വരാപ്പുഴ എക്സൈസ് റേഞ്ച് അതിർത്തികളിൽ എക്സൈസ് ഇൻസ്പെക്ടർ കെ എ അനീഷും സംഘവും പെട്രോളിങ് നടത്തി വരുന്നതിനിടയിലാണ് ഇയാളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചത്.
പിടിയിലായ നസീഫിന് 21 വയസ് മാത്രമാണ് പ്രായം. ഇയാളുടെ കയ്യിൽ നിന്നും 4.218 ഗ്രാം എം ഡി എം എ പരിശോധനയിൽ കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെടുത്തത്.