ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ പീയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ച് ശശി തരൂർ.
ഇന്ത്യ-യു.കെ വ്യാപാര ചർച്ചയ്‌ക്കെത്തിയ ബ്രിട്ടീഷ് സ്റ്റേറ്റ് ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഈ ഫോട്ടോയിലുണ്ട്.
ജോനാഥൻ റെയ്നോൾഡ്സ്, പീയൂഷ് ഗോയൽ എന്നിവരോട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് തരൂർ ഫോട്ടോ പങ്കുവച്ചത്.
വളരെക്കാലമായി സ്തംഭിച്ചുകിടന്ന ഇന്ത്യ-യു.കെ സ്വതന്ത്ര വാണിജ്യ കരാറിനുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത് സ്വാഗതാർഹമാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെ തരൂർ പ്രശംസിച്ചത് കോൺഗ്രസിൽ വിവാദമായതിന് പിന്നാലെയാണ് ഇത്. തന്റെ സ്വതന്ത്ര നിലപാടുകൾ വിശദീകരിച്ച് തരൂർ ദേശീയ മാദ്ധ്യമങ്ങളിൽ ലേഖനമെഴുതിയതും വിവാദമായിരുന്നു.