യുകെയില്‍ ഏപ്രില്‍ മുതല്‍ ഉണ്ടാകുന്ന ദേശീയ മിനിമം വേജ് വര്‍ധനയുടെ കാര്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ആശങ്കയിൽ. മലയാളികള്‍ അടക്കമുള്ള സാധാരണ വരുമാനക്കാര്‍ ആണ് കൂടുതൽ പ്രശ്നത്തിലാകുക എന്നാണു റിപ്പോർട്ട്. പല സ്ഥാപനങ്ങളിലെയും കുറഞ്ഞ വരുമാനമുള്ള ജോലികള്‍ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചെറുകിട സ്ഥാപനങ്ങള്‍ക്ക് ശമ്പള വര്‍ധനവും ദേശീയ ഇന്‍ഷുറന്‍സ് വിഹിതവും താങ്ങാനാവുന്നില്ല. അതിനാല്‍, പുതിയ നിയമനങ്ങള്‍ ഒഴിവാക്കുകയും നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നു. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കാരണം പല സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്.
ചെറുകിട തൊഴിലുടമകളുടെ ഈ തീരുമാനം സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കും. ഇത് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. യുകെയിലെ മലയാളി ചെറുകിട സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ഈ വിഷയം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് വര്‍ധനവും കൂടിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. കുറഞ്ഞ വരുമാനക്കാരെ സഹായിക്കാനാണ് ദേശീയ ലിവിംഗ് വേതനം നടപ്പാക്കുന്നത്. എന്നാല്‍, തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ട പരിധി കുറയ്ക്കാനുള്ള നീക്കം ഇതിനെ പ്രതികൂലമായി ബാധിക്കും.