കറാച്ചി: ചാംപ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ്. 60 റണ്‍സിന്റെ തോല്‍വിയാണ് സ്വന്തം മണ്ണിലെ പോരാട്ടത്തില്‍ പാക്കിസ്ഥാന് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സെടുത്തു. പാകിസ്ഥാന്റെ മറുപടി ബാറ്റിംഗ് 47.2 ഓവറില്‍ 260 റണ്‍സില്‍ അവസാനിച്ചു.
3 വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബോളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കി. വില്‍ ഓറൂര്‍ക്കും 3 വിക്കറ്റെടുത്തു. മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ മിച്ചല്‍ ബ്രാസ്‌വെലും നതാന്‍ സ്മിത്തും പങ്കിട്ടതോടെ പാക്കിസ്ഥാൻ്റെ നില പരുങ്ങലിലായി.
തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ പാകിസ്ഥാന്‍ ഏറെപാടുപെട്ടു. ബാബർ അസമിന്റെ ഭാവനാ ശൂന്യമായ മുട്ടിക്കളി ഒരർഥത്തിൽ പാകിസ്ഥാനു വിനയായി മാറി എന്നു പറയാം. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 14 പന്തുകൾ മുട്ടി 3 റൺസുമായി മടങ്ങി.
അര്‍ധ സെഞ്ച്വറികള്‍ നേടിയ ഖുഷ്ദില്‍ ഷാ, ബാബര്‍ അസം എന്നിവരുടെ ബാറ്റിങാണ് പാക്കിസ്ഥാൻ്റെ സ്‌കോര്‍ 200 കടത്തിയത്. ബാബര്‍ 90 പന്തുകളിൽ നിന്ന് 64 റണ്‍സ് കണ്ടെത്തി. ഖുഷ്ദില്‍ പക്ഷേ തകര്‍ത്തടിച്ചു. 10 ഫോറും ഒരു സിക്‌സും സഹിതം 49 പന്തില്‍ 69 റണ്‍സെടുത്ത് ടോപ് സ്‌കോററായി മാറി. 28 പന്തില്‍ 42 റണ്‍സെടുത്ത സല്‍മാന്‍ ആഘയുടെ പ്രത്യാക്രമണവും ഫലം കണ്ടില്ല.
ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 320 റണ്‍സ് എന്ന കൂറ്റൻ നേടിയത്.
തുടക്കത്തില്‍ മൂന്ന് വിക്കറ്റിന് 73 എന്ന നിലയില്‍ തിരിച്ചടി നേരിട്ട ന്യൂസിലന്‍ഡിനെ വില്‍ യങ് – ലാതം കൂട്ടുകെട്ടാണ് കളിയിലേക്ക് തിരികെയെത്തിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 118 റണ്‍സ് നേടി.
ലാതം 104 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം 118 റണ്‍സെടുത്തപ്പോൾ വില്‍ യങ് 12 ഫോറും ഒരു സിക്‌സും സഹിതം 107 റണ്‍സും കണ്ടെത്തി. ഗ്ലെന്‍ ഫിലിപ്‌സും തിളങ്ങി. താരം അര്‍ധ സെഞ്ച്വറി നേടി. 34 പന്തില്‍ 3 ഫോറും 4 സിക്‌സും സഹിതം താരം അതിവേഗം 61 റണ്‍സ് വാരിക്കൂട്ടിയത് നിര്‍ണായകമായി.
ഗ്ലെന്‍ ഫില്പിസിനെ കൂട്ടുപിടിച്ച് ലാതം ന്യൂസിലന്‍ഡിനെ തോളിലേറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 125 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി. അപ്പോഴെക്കും ലാതം സെഞ്ച്വറിയും ഫിലിപ്‌സ് അർദ്ധ സെഞ്ച്വറിയും നേടി. അവസാന ഓവറുകളിലെ തകര്‍പ്പനടിയാണ് ന്യൂസിലന്‍ഡിനെ 300 കടത്തിയത്.