ഏതാനും ദിവസം മുൻപ് ഇറാനിൽ തടഞ്ഞുവെച്ച മോട്ടോർ സെക്കിളിൽ ലോകം ചുറ്റുന്ന ബ്രിട്ടീഷ് ദമ്പതിമാരെ ഇറാൻ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ദമ്പതികളായ ക്രെയ്‌ലും ലിൻഡ്‌സെ ഫോർമാനുമാണ് അറസ്റ്റിലായത്.
ഇവർ രണ്ടുപേരും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ വാർത്ത ഏജൻസിയായ മീസാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഡിസംബർ 30 നാണ് ദമ്പതികൾ അർമേനിയയിൽ നിന്നും ഇറാനിലേക്ക് കടന്നത്. ജനുവരി മൂന്നിനാണ് ഇവർ ഇറാനിലെ ഇസ്ഫഹാനിൽ നിന്നും അവസാനമായി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടത്.
ഇറാനുമേൽ അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തിയതാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായി ഇറാൻ അകലാൻ കാരണമായത്. ഇറാനിൽ ചാരവൃത്തിയ്ക്ക് വധശിക്ഷ വരെ ലഭിക്കാം എന്നത് അറസ്റ്റിന്റെ ഗൗരവം വർധിപ്പിക്കുന്നു. 2010 മുതൽ 66 വിദേശ പൗരന്മാരെയും ഇരട്ട പൗരത്വമുള്ളവരെയും ഇറാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മഹ്‌സ അമീനിയെന്ന കുർദിഷ് വംശജയുടെ മരണ ശേഷം ഉണ്ടായ പ്രക്ഷോഭത്തിന് വിദേശ ബന്ധമുണ്ടെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇറാന്റെ തെക്കൻ നഗരമായ കെർമാനിലാണ് ദമ്പതികൾ തടവിലാക്കപ്പെട്ടിരിക്കുന്നത്. ഇറാനിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യു.കെ.സർക്കാർ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി.