തൃശൂർ: മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യനില മോശമാണെന്ന് ഡോക്ടർ അരുൺ സക്കറിയ. ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൂട് നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ തന്നെ ദൗത്യം തുടങ്ങുമെന്നും അരുൺ സക്കറിയ വ്യക്തമാക്കി. അതേസമയം കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്റെ പണി ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ദൗത്യം നീളുന്നതെന്ന് വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി വിശദമാക്കി.
മയക്കുവെടി വെച്ചശേഷം ആനയെ കോടനാട്ടിലേക്ക് കൊണ്ടുപോകും. കോടനാട് വെച്ചായിരിക്കും ചികിത്സ നൽകുക. മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയിലേക്ക് എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രൻ, വിക്രം,കുഞ്ചി എന്നീ മൂന്ന് കുങ്കിയാനകളെയാണ് അതിരപ്പള്ളിയിൽ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. മുറിവ് മസ്തകത്തിലായതിനാൽ വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു. ഇപ്പോൾ ആനയുടെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാനുള്ള തീരുമാനം.