ബെംഗളൂരു: തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരൻറെ കയ്യിലിരുന്ന് പൊട്ടി. ഉണ്ട തുളച്ചു കയറി അടുത്തു നിന്ന നാലു വയസുകാരന് ദാരുണാന്ത്യം. വെടിയേറ്റ് നാലു വയസുകാരൻറെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. കർണായകയിലെ മണ്ഡ്യ നാഗമംഗല താലൂക്കിലാണ് ഈ ദാരുണ സംഭവമുണ്ടായത്.
പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ നാലു വയസുള്ള മകൻ അഭിജീത് ആണ് മരിച്ചത്. സംഭവത്തിൽ പശ്ചിമബംഗാളിൽ നിന്ന് ജോലിക്ക് വന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫാം നോക്കി നടത്തുന്നവർ മുറിയിൽ സൂക്ഷിച്ചിരുന്ന തോക്ക് പുറത്തെടുത്ത് വെച്ചശേഷം അവർ പുറത്തേക്ക് പോവുകയായിരുന്നു. ഇതിനിടയിൽ തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന 15കാരൻ ഇവിടേക്ക് എത്തുകയായിരുന്നു. പുറത്ത് തോക്കിരിക്കുന്നത് കണ്ട 15കാരൻ അതെടുത്ത് പരിശോധിക്കുകയും അബദ്ധത്തിൽ ട്രിഗർ വലിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
തോക്കിൽ നിന്നും രണ്ട് തവണ വെടി പൊട്ടി. ആദ്യത്തെ വെടിയുണ്ട തൊട്ടടുത്ത് നിന്ന നാല് വയസ്സുകാരൻറെ വയറ്റിലാണ് കൊണ്ടത്. രണ്ടാമത്തേത് നാല് വയസ്സുകാരൻറെ അമ്മയുടെ കാലിലും. അമിത രക്തസ്രാവത്തെതുടർന്ന് തൽക്ഷണം തന്നെ കുട്ടി മരിച്ചു. കുട്ടിയുടെ അമ്മയെ തൊട്ടടുത്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.