തിരുവനന്തപുരം: കേരളത്തിലുടനീളമുള്ള ജനങ്ങളെ വഞ്ചിച്ച പാതി വില തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറിന്റെ വാദം പൊളിയുന്നു. വാദങ്ങൾ പൊളിച്ച് നിർണായക രേഖകൾ. എൻജിഒ കോൺഫെഡറേഷൻ ഒരു കറക്കു കമ്പനി ആണെന്നും ട്രസ്റ്റിന്റെ പൂർണ അധികാരി ആനന്ദകുമാറെന്നും തെളിയിക്കുന്ന ട്രസ്റ്റ് ഡീഡ് പ്രമുഖ മാധ്യമം പുറത്ത് വിടുന്നു. കെ എൻ ആനന്ദ് കുമാർ, അനന്തു കൃഷ്ണൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ, ബീന സെബാസ്റ്റ്യൻ എന്നിവരാണ് എൻജിഒ കോൺഫെഡറേഷൻ സ്ഥാപക അംഗങ്ങൾ എന്നത് ഈ രേഖയിൽ നിന്നും വ്യക്തമാണ്.
അഞ്ച് പേർക്കും പിന്തുടർച്ചാവകാശമുണ്ടെന്നും ഈ രേഖകളിൽ പറയുന്നു. കൂടുതൽ അംഗങ്ങളെ നിർദ്ദേശിക്കാനുള്ള അധികാരവും ചെയർമാനായ ആനന്ദകുമാറിനാണ്. ആജീവനാന്തന ചെയർമാനാണെങ്കിലും ആനന്ദ് കുമാറിന് എപ്പോ വേണമെങ്കിലും രാജി വയ്ക്കാം. പുതിയ ആളെ നിർദ്ദേശിക്കാനുള്ള അധികാരവും ആനന്ദ് കുമാറിനാണ്.
പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാമം മേധാവി കെഎൻ ആനന്ദകുമാറിനൊപ്പം, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തക ബീന സെബാസ്റ്റ്യൻറെ പങ്കിനെ കുറിച്ചും സമഗ്രാന്വേഷണം നടത്തുകയാണ് ക്രൈംബ്രാഞ്ച്. എൻജിഒ കോൺഫെഡറേഷൻറെ അധ്യക്ഷ ബീനയ്ക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിൻറെ ഇപ്പോഴത്തെ വിലയിരുത്തൽ.