തിരുവനന്തപുരം: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സുഹ്യത്തുക്കളും സംഘവും ചേർന്ന് മുറിക്കുളളിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു വഴിൽ ഉപേക്ഷിച്ച ഏഴംഗ സംഘത്തിലെ അഞ്ചുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ ബെംഗ്ലുരുവിലെ ബെന്നഘട്ടയിലുളള ഫാം ഹൗസിൽ നിന്നാണ് അറസ്റ്റുചെയ്തത്.
വണ്ടിത്തടം പാലപ്പൂര് സ്വദേശി മനുകുമാർ(31), അട്ടക്കുളങ്ങര കരിമഠം സ്വദേശി ധനുഷ്(20), അമ്പലത്തറ സ്വദേശി രോഹിത്(29), മലയിൻകീഴ് സ്വദേശി നിതിൻ(25), പൂന്തുറ സ്വദേശി റഫീക്(29) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലം സ്വദേശിയായ ആഷിക്കിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. പ്രതികളും ആഷിക്കും സുഹ്യത്തുക്കളാണ്.
എതിർചേരിയിലുളളളവരുമായി ആഷിക് അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച വൈകിട്ട് നാലോടെ വണ്ടിത്തടം ശിവക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്ന ആഷിക്കിനെ കാറിലെത്തിയ ഏഴംഗ സംഘം ഭീഷണിപ്പെടുത്തി കയറ്റി കാട്ടാക്കട ഭാഗത്തുളള വീട്ടിലേക്ക് പോകുന്ന വഴിയിൽ ബീയർകുപ്പിയെടുത്ത് ചെവിയോട് ചേർന്ന തലയുടെ ഭാഗത്ത് അടിച്ചു പൊട്ടിച്ചിരുന്നു.
രക്തം വാർന്നനിലയിലാണ് കാട്ടാക്കടയിലുളള ഒരു വീട്ടിലെത്തിച്ചത്. തുടർന്ന് മുറിക്കുളളിൽ കയറ്റിശേഷം ചുറ്റിക കൊണ്ട് നട്ടെല്ലിൽ അടിച്ചും പരിക്കേൽപ്പിച്ചു. മർദിച്ചതിനെ തുടർന്ന് പ്രതികരിച്ച യുവാവിന്റെ മുറിവിൽ മുളകുപൊടി തേച്ചും പീഡിപ്പിച്ചു. ബഹളം വെച്ചതിനെ തുടർന്ന് പശയെടുത്ത് കണ്ണിൽ ഒഴിച്ചുമാണ് പ്രതികൾ യുവാവിനെ മർദിച്ചതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു.
അവശനിലയിലായ യുവാവിനെ കാറിൽ കയറ്റി രാത്രി ഒരുമണിയോടെ തിരുവല്ലംസ ബൈപ്പാസിലെ വസ്ത്രവ്യാപാര കടയുടെ സമീപത്ത് തളളിയിട്ടശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ഫോർട്ട് അസി. കമ്മീഷണർ ആർ. പ്രസാദിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘം പാലക്കാട്, സേലം എന്നിവിടങ്ങളിൽ തങ്ങിയശേഷമായിരുന്നു ബെംഗ്ലുരുവിലേക്ക് കടന്നത്. പ്രതികളിൽ മനു ഗുണ്ടാനിയമം പ്രകാരം ജയിൽ കഴിഞ്ഞയാളാണ്. കോവളം, നേമം, വട്ടിയൂർക്കാവ് എന്നി സ്‌റ്റേഷനുകളിലും എക്‌സൈസ് കേസിലും ഇയാൾ പ്രതിയാണ്. ഫോർട്ട് പോലീസിൽ ധനുഷിനെതിരെ കൊലപാതകമടക്കം നിരവധി കേസുകളുണ്ട്. മോഷണകേസിലെ പ്രതിയാണ് റഫീക്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.