കണ്ണൂർ: കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗിംഗിന് ഇരയാക്കിയെന്ന് പരാതി. കൊളവല്ലൂർ പി.ആർ മെമ്മോറിയൽ എച്ച്എസ്എസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് റാഗിങ്ങിൽ ഗുരുതരമായി പരിക്കേറ്റത്.
സീനിയർ വിദ്യാർത്ഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘം ചേർന്ന് മർദ്ദനം. സംഭവത്തിൽ നിഹാലിന്റെ കയ്യുടെ എല്ലിന് പൊട്ടലുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ. സംഭവത്തിൽ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദ്യാർത്ഥിയുടെ കൈ പ്രതികൾ ചവിട്ടിയൊടിച്ചുവെന്ന് കുടുംബം പറഞ്ഞു . ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. നിലത്തിട്ട് ചവിട്ടിയെന്നും മറ്റ് കുട്ടികളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പൊലീസിനോട് വിശദമാക്കി. മുൻപും താൻ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പറഞ്ഞു. സ്‌കൂൾ അധികൃതർ പരാതി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും മൊഴിയും പൊലീസ് ശേഖരിച്ചു.