ചെറുവത്തൂർ: ഉൽപാദനം കുറഞ്ഞതോടെ നേന്ത്രപ്പഴ വില സർവകാല റെക്കോഡിലേക്ക്. കിലോക്ക് 50നും 60നും ഇടയിൽ ലഭിച്ചിരുന്ന നേന്ത്രപഴത്തിന് ഇപ്പോൾ 80 മുതൽ 90 വരെയാണ് പൊതുവിപണിയിലെ വില. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉൽപാദനം കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം.
കനത്ത മഴയിലും കാറ്റിലും വൻ കൃഷി നാശം സംഭവിച്ചതിൽ ഭൂരിഭാഗവും നേന്ത്ര വാഴകളായിരുന്നു. വിളവ് കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പഴങ്ങളാണ് ലഭിക്കുന്നതിൽ ഏറെയും. നാടൻ പഴങ്ങൾ എത്താത്തതും വിപണി വില വർധിക്കുന്നതിന് കാരണമാകുന്നു. നേന്ത്രപ്പഴത്തിന്റെ വില കൂടിയതോടെ ചിപ്സ് ഉൾപ്പെടെ അനുബന്ധ ഉൽപന്നങ്ങൾക്കും വില വർധിച്ചിട്ടുണ്ട്.
അടുത്ത മാസം ആരംഭിക്കുന്ന റമദാൻ വിപണി ലക്ഷ്യമിട്ടാണ് പഴവർഗങ്ങളുടെ വില കൂടുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. മൊത്ത വിപണിയിൽ നേന്ത്രപ്പഴത്തിന് 60 മുതൽ 70 രൂപവരെയാണ് കിലോക്ക് വില. കദളിപ്പഴത്തിനും വില വർധിച്ചിട്ടുണ്ട്. മൈസൂർപ്പഴം കിലോ 60 രൂപക്കാണ് ലഭിക്കുന്നത്.
2023 ൽ ഇതേ കാലയളവിൽ നേന്ത്രപ്പഴത്തിന് 70 രൂപ വരെ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ഓണ വിപണിയിൽ കിലോക്ക് 60 മുതൽ 65 രൂപ നിരക്കിലാണ് പഴം ലഭിച്ചിരുന്നത് . കേരളത്തിലേക്ക് പ്രധാനമായും നേന്ത്രപ്പഴം എത്തുന്നത് തമിഴ്നാട്ടിലെ തേനി, കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, പൊള്ളാച്ചി ജില്ലകളിൽനിന്നും കർണാടകയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുമാണ്. ഈ പ്രദേശങ്ങളിലെ ഉൽപാദനത്തിൽ ഇടിവ് സംഭവിച്ചതോടെ പഴങ്ങളെത്തുന്നില്ല. ഇതാണ് വില വർധനക്കിടയാക്കിയതെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.