മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് വൻ ജന സ്വീകാര്യത നേടിയ സിനിമകളാണ് ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തി കൊണ്ടിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളുടെ റി റിലീസിങ്ങിനു ശേഷം ഏറ്റവും ഒടുവിൽ എത്താൻ പോകുന്നത് മമ്മൂട്ടി ചിത്രമായ ഒരു വടക്കൻ വീരഗാഥയാണ്. ഈ അവസരത്തിൽ മോഹൻലാലിന്റെ ഒരു സിനിമ കൂടി റി റിലീസ് ചെയ്യാൻ പോകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2007 ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ വാസ്കോഡ ഗാമ എന്ന കഥാപാത്രമായി നായക വേഷത്തിൽ മോഹൻലാൽ ആറാടിയ ജനപ്രിയ ചിത്രമായ ‘ഛോട്ടാ മുംബൈ’ ഇപ്പോൾ റി റിലീസിന് ഒരുങ്ങുകയാണെന്ന വർത്തകളാണ് പുറത്തുവരുന്നത്. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജിന്റെ ഒരു കമന്റാണ് ഛോട്ടാ മുംബൈ വീണ്ടും എത്തുന്നെന്ന ഈ പ്രചരണങ്ങൾക്ക് പിന്നിൽ.
നിരഞ്ജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ റി റിലീസ് ചെയ്യുമോ എന്ന ഒരാളുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമായത്. ‘ഛോട്ടാ മുംബൈ റി റിലീസ് ഹാപ്പനിംഗ്’ എന്നായിരുന്നു നിരഞ്ജിന്റെ മറുപടി. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മണിയൻ പിള്ള രാജുവാണ് ഈ ചിത്രം നിർമിച്ചത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകൾക്ക് പിന്നാലെ റി റിലീസിനൊരുങ്ങുന്നു മോഹൻലാൽ ചിത്രമായി മാറും ഛോട്ടാ മുംബൈ. മലയാളം റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ദേവദൂതൻ ആണ്. 5.4 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.