എവി ശ്രീകുമാർ മാത്രമാണ് കേസിലെ പ്രതി
കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടൻ സമര്‍പ്പിക്കും. ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം മുന്‍ മേധാവി എവി ശ്രീകുമാർ മാത്രമാണ് കേസിലെ പ്രതി.(EP’s Autobiography Controversy; charge sheet will be submitted soon)
ശ്രീകുമാറില്‍ നിന്നാണ് ഇ പിയുടെ ആത്മകഥാ ഭാഗങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീകുമാറിനെ പ്രതി ചേർത്തത്. എന്നാൽ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് ഇപി ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. തുടര്‍ന്നാണ് ഇ പി ജയരാജന്‍ പൊലീസില്‍ പരാതി നൽകിയത്.