ദുബായ്: യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി.
ദുബായിലെ ഒരു പബ്ലിക് യൂട്ടിലിറ്റി കമ്പനിയിൽ സീനിയർ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പീർ മുഹമ്മദ് അദമിനെ (41) തേടിയാണ് യുഎഇ ലോട്ടറി ഭാഗ്യമെത്തിയത്.
പീർ മുഹമ്മദും തന്റെ 19 സുഹൃത്തുക്കളും ചേർന്നാണ് കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുത്തത്. 20 പേർ ചേർന്ന് 20 ടിക്കറ്റുകളെടുത്തു. അതിലൊന്നായിരുന്നു വിജയിച്ച നമ്പർ.
സമ്മാനതുക 20 പേരും തമ്മിൽ പങ്കിടാനാണ് തീരുമാനം. ‘ഞങ്ങൾ വിജയിച്ചു എന്ന് അറിഞ്ഞപ്പോൾ എനിക്ക് അക്ഷരാർഥത്തിൽ സംസാരശേഷി നഷ്ടപ്പെട്ടു; എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല’, അദ്ദേഹം പറഞ്ഞു.
സമ്മാനത്തുക തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ചെലവഴിക്കും. ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുമെന്നും സമ്മാനത്തുക ഉപയോഗിച്ച് എന്തുചെയ്യണമെന്ന് കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘യുഎഇ ലോട്ടറിക്ക് ലൈസൻസും നിയന്ത്രണവും ഉണ്ട് എന്നത് അത് സുരക്ഷിതമാണെന്ന് അറിയുന്നതിന്റെ ആശ്വാസം നൽകുന്നു, എനിക്ക് ഈ രീതിയിൽ ഗെയിമുകൾ കൂടുതൽ ആസ്വദിക്കാൻ കഴിയും. ഞാൻ വീണ്ടും എന്റെ ഭാഗ്യം പരീക്ഷിക്കും’ പീർ മുഹമ്മദ് പറഞ്ഞു.
ഗെയിമുകൾ കളിക്കുമ്പോൾ ഉത്തരവാദിത്തമുള്ളവരായിരിക്കുണമെന്ന് പീർ മുഹമ്മദ് പറയുന്നു. എപ്പോഴാണ് ഒരാളെ തേടി ഭാഗ്യം വരുന്നതെന്ന് പറയാൻ കഴിയില്ല.
ഭാഗ്യ പരീക്ഷണം നടത്തികൊണ്ടേയിരിക്കുക. ഒരുപക്ഷേ ഒരു ദിവസം നിങ്ങൾക്ക് ഭാഗ്യം ലഭിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.