ഇന്നലെ ഉച്ചയ്ക്കാണ് സംഭവം
കൊച്ചി: ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരനു കിട്ടിയത് മുട്ടൻ പണി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയർ ഇന്ത്യയുടെ കൊച്ചി- ഡൽഹി വിമാനത്തിൽ പോകാനെത്തിയ റെപൻ മാറെക്കിനെയാണ് പിടികൂടിയത്.(Fake bomb threat; foreigner arrested)
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ചെക്ക് ഇൻ ചെയ്യുന്നതിനിടെ കൈയിലുണ്ടായിരുന്ന പവർ ബാങ്ക് കൗണ്ടറിൽ വച്ചു. അതെന്താണെന്നു ചോദിച്ച ഉടൻ ഇയാൾ എയർ ഇന്ത്യ ജീവനക്കാരനോടു തമാശയായി അതു ബോംബാണെന്നു മറുപടി നൽകി. തുടർന്ന് ജീവനക്കാർ ഇക്കാര്യം സുരക്ഷാ ജീവനക്കാരെ അറിയിച്ചു.
പിന്നാലെ ഇയാളെ പിടികൂടി ബാഗും മറ്റും വിശദമായി പരിശോധിച്ച ശേഷം പൊലീസിനു കൈമാറുകയായിരുന്നു. വിമാനത്താവളത്തിലെ ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി ക്രമപ്രകാരം യോഗം ചേർന്നാണു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.