നിലമ്പൂർ: നിലമ്പൂരിലെ കുടിയേറ്റ വഴിത്താരകളിൽ കാട്ടാന ഭീതിയുടെ തീരാത്ത ചൂര് നിലനിൽക്കുകയാണ്. ജീവനും കൃഷിയും ചിവിട്ടിമെതിച്ച് ആനക്കൂട്ടമിറങ്ങുമ്പോൾ കുടിയേറ്റ ഗ്രാമത്തിന് ഉറക്കമില്ല. പ്രതികൂല കാലാവസ്ഥയോടും മണ്ണിനോടും പടവെട്ടി വിയർപ്പിൽ വിളയിക്കുന്ന അന്നത്തിലേക്ക് കരിവീരൻമാർ ഇറങ്ങുമെന്ന ഭയത്തിൽ ഇവർ ഉറങ്ങാറിലെലന്നതാണ് യാഥാർഥ്യം. നിലമ്പൂരിലെ കുടിയേറ്റ ഗ്രാമങ്ങളിലെ ആനപ്പേടിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അടുത്തകാലത്തുണ്ടായ നിരന്തര ആക്രമണം ഗ്രാമീണരെ ഒന്നടങ്കം പേടിപ്പെടുത്തുകയാണ്. കരിവീരൻമാരുടെ കൊലവിളി നിലമ്പൂർ കാട്ടിൽ നാൾക്കുനാൾ കൂടുതൽ കൂടുതൽ മുഴങ്ങികേൾക്കുകയാണ്.കഴിഞ്ഞദിവസം രാത്രി കൊല്ലപ്പെട്ട ഉൾവനത്തിലെ മാഞ്ചീരി പൂച്ചപ്പാറയിലെ ആദിവാസി യുവാവ് കരിയൻറെ മകൻ 35 വയസ്സുകാരനായ മണിയാണ് അവസാനത്തെ ഇര.
കാട്ടാനകളുടെ പെരുമാറ്റത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും നിരീക്ഷിക്കുകയും ചെയ്തുവരുന്ന ഈ കൂട്ടർപോലും ഇരകളാവുന്നത് ആനകളുടെ ആക്രമണ സ്വഭാവത്തിൽ അത്രകണ്ട് മാറ്റം വന്നു എന്നതിന് തെളിവാണെന്ന് വിദഗ്ദർ പറയുന്നു. കരുളായി വനത്തിൽ തന്നെയാണ് ചോലനായ്ക്കരുടെ മൂപ്പൻ മാതനും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാന ശല്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു ജനവിഭാഗമാണ് ഇവിടത്തെ ആദിവാസികൾ. 55 വനാവകാശ കോളനികളാണ് നിലമ്പൂർ മേഖലയിൽ. കാട്ടാനകൾ നിറയെയുള്ള വനപാതയിലൂടെയല്ലാതെ ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ മറ്റു മാർഗങ്ങളില്ല. ജീവൻ പണയംവെച്ചാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്നവർ കാട്ടിലൂടെയുള്ള യാത്ര ചെയ്യുന്നത്.
നിലമ്പൂർ വനത്തിൽ 10 വർഷത്തിനിടെ കാട്ടാന കൊലപ്പെടുത്തിയവരുടെ എണ്ണം 70 ആണ്. കൊല്ലപ്പെട്ടവരിൽ വനം ഉദ്യോഗസ്ഥനും കൈക്കുഞ്ഞും വരെ ഉൾപ്പെടും. ഇതിൽ 33 പേർ ആദിവാസികളാണ്. പരിക്കുകളോടെ രക്ഷപ്പെട്ടവർ നൂറിലധികമാണ്. കാട്ടാനകളുടെ ആക്രമണം മൂലം കഴിഞ്ഞ വർഷത്തെ കാർഷിക നഷ്ടത്തിൻറെ കണക്കെടുത്താൽ അത് കോടിയിലധികം വരും.
നിലമ്പൂർ സൗത്ത്, നോർത്ത് ഡിവിഷനുകളും സൈലൻറ് വാലി കരുതൽ മേഖലയും ഉൾപ്പെടുന്നതാണ് മലപ്പുറം ജില്ലയിലെ വനമേഖല. നോർത്തിൽ 440, സൗത്തിൽ 320 ചതുരശ്ര കിലോമീറ്ററും വനമാണുള്ളത്. ഏഷ്യൻ ആനകളുടെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയെന്നറിയപ്പെടുന്ന നീലഗിരി ബയോസ്ഫിയറിലാണ് ഈ സംരക്ഷിത വനമേഖലകൾ ഉൾപ്പെടുന്നത്. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളും വനാതിർത്തി പങ്കിടുന്നവയാണ്. അതുകൊണ്ട് തന്നെ ഇവിടെങ്ങളിലെല്ലാം കാട്ടുമൃഗശല്യം രൂക്ഷമായി അനുഭവപ്പെടുന്നു. നിരന്തരമുള്ള കാട്ടുമൃഗശല്യം മൂലം വനാതിർത്തിമേഖലയിൽ കൃഷി അസാധ്യമായിരിക്കുകയാണ്. 2008 ഓടെയാണ് മനുഷ്യർക്ക് നേരെയുള്ള കാട്ടാനാകളുടെ ആക്രമണം വർധിച്ചതായി റിപ്പോർട്ടുള്ളത്.