വണ്‍ ഡയറക്ഷനിലെ പ്രശസ്ത ഗായകന്‍ ലിയാം പെയ്‌നിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ലിയാം പെയിനിന്റെ സുഹൃത്തടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. സുഹൃത്ത് റോജര്‍ നോര്‍സ്, ഹോട്ടന്‍ മാനേജര്‍ ഗ്ലിഡ മാര്‍ട്ടിന്‍, റിസപ്ഷനിസ്റ്റ് എസ്തബാന്‍ ഗ്രാസ്സി എന്നിവരെ നരഹത്യയ്ക്കും മയക്കുമരുന്ന് എത്തിച്ച കുറ്റത്തിന് ഹോട്ടൽ ജീവനക്കാരായ ബ്രയാന്‍ പൈസി, എസേക്വല്‍ പെരേര എന്നിവരെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്.(Death of singer Liam Payne; Five people including his friend were arrested)
ഒക്ടോബര്‍ 16 നായിരുന്നു ലിയാം പെയ്നിന്റെ മരണം. അര്‍ജന്റീനയില്‍ കാമുകിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ താരത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസറ്റ്‌മോര്‍ട്ടത്തില്‍ ഗായകന്റെ ശരീരത്തില്‍ ഒന്നിലധികം മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടക്കത്തില്‍ ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പിന്നീടാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
പെയ്ന്‍ മയക്കുമരുന്ന് അമിതമായി കഴിച്ചുവെന്നറിഞ്ഞിട്ടും അയാളെ ഹോട്ടലില്‍ തനിച്ചാക്കി സുഹൃത്ത് ഇവിടെ നിന്നും പോയി. അപകടകരമായ നിലയിലാണെന്നറിഞ്ഞിട്ടും പെയ്‌നിനെ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയില്ല എന്നതാണ് സുഹൃത്തിനെതിരെ ചുമത്തിയ കുറ്റം. ഹോട്ടല്‍ ലോബിയില്‍ വലിച്ചിഴച്ച് കൊണ്ടുപോയതിനും മയക്കുമരുന്ന് എത്തിച്ചുനല്‍കിയതിനുമാണ് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തത്.









