തൃശൂര്‍: തൃശൂരിൽ സ്ത്രീയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. കുന്നംകുളം ആര്‍ത്താറ്റ് പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ മുതുവറ സ്വദേശി കണ്ണനെ നാട്ടുകാർ പിടികൂടി.(Woman killed in kunnamkulam; accused in custody)
ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് സംഭവം. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സന്ധ്യയോടെ ഇവരുടെ വീടിനടുത്ത് ഒരു മാസ്‌ക് വച്ച് യുവാവിനെ കണ്ടതായി നാട്ടുകാർ പറയുന്നു. വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയാണ് സിന്ധുവും ഭർത്താവും.
ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.