കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ സിഇഒയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷമീർ അബ്ദുൽ റഹീമിനെ അറസ്റ്റ് ചെയ്തത്. ഇയാൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.(Uma thomas MLA accident; Mridanga vision CEO arrested)
പന്ത്രണ്ടായിരത്തിലികം പേർ പങ്കെടുത്ത നൃത്ത പരിപാടിയാണ് കഴിഞ്ഞ ദിവസം കലൂർ സ്റ്റേഡിയത്തിൽ നടന്നത്. എന്നാൽ പരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളോ പ്രോട്ടോകളോ പാലിച്ചിരുന്നില്ല.
സംഘാടകരായ മൃദംഗവിഷനെതിരെ ഗുരുതര ആക്ഷേപമാണ് ഉയരുന്നത്. നൃത്തപരിപാടിക്ക് എത്തിയവരിൽ നിന്ന് വൻ തുക പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ലെന്നാണ് പരാതി.