തിരുവനന്തപുരം: മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ചു വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. ക്രിസ്മസ് ദിനത്തിലാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.(food poisoning from mixture; five year old boy died)
കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു കുടുംബം. ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലേന്ന് ബേക്കറിയിൽ നിന്നു വാങ്ങിയ മിക്സ്ചർ കഴിച്ച ശേഷമാണ് കുട്ടിക്ക് അസ്വസ്ഥതയുണ്ടായെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിശദ പരിശോധനക്ക് ശേഷമേ മരണ കാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് ഇഷാൻ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.









