കട്ടപ്പനയിൽ നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്ത മുളങ്ങാശ്ശേരി സാബു(56) വിന്റെ സംസ്‌കാരം കട്ടപ്പന സെയ്ന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ വൈകീട്ട് നാലിന് നടത്തി.Funeral held for investor who committed suicide in front of bank in Kattappana
വിവിധ സാമൂഹിക , രാഷ്ട്രീയ പ്രവർത്തകരും വ്യാപാരികളും നാട്ടുകാരുമായി നൂറുകണക്കിനാളുകൾ വീടിന് സമീപം തടിച്ചുകൂടിയിരുന്നു. കട്ടപ്പന പള്ളിക്കവലയിലെ വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം പൊതു ദർശനത്തിനെത്തിച്ചു. തുടർന്ന് കുടുംബാംഗങ്ങൾക്കും അമ്മ ത്രേസ്യാമ്മക്കും കാണാനായി മൃതദേഹം വീടിനുള്ളിൽ ഏതാനും സമയം വെച്ച ശേഷം പുറത്ത് പൊതുദർശനത്തിന് വെച്ചു.
സാബുവിന് നീതി കിട്ടുംവരെ മൃതദേഹവുമായി പോലീസ് സ്റ്റേഷൻ ഉപരോധിക്കണമെന്ന ആവശ്യവുമായി പൊതു പ്രവർത്തകരിൽ ചിലർ ഇതിനിടെ ബന്ധുക്കളെ സമീപിച്ചെങ്കിലും കർമങ്ങൾക്ക് ശേഷം സംസ്‌കാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. തുടർന്ന് 3.30 ന് മൃതദേഹം സംസ്‌കാരത്തിനായി പള്ളിയിലേക്ക് എടുത്തു.
ഈ സമയം മക്കളും ഭാര്യ മേരിക്കുട്ടിയും അവസാനമായി മൃതദേഹത്തിൽ സ്പർശിക്കുകയും അന്ത്യചുംബനം അർപ്പിക്കുകയും ചെയ്തു. നാലിന് കട്ടപ്പന സെയ്ന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെത്തിച്ച മൃതദേഹം ആചാരങ്ങളോടെ ദേവാലയ സെമിത്തേരിയിൽ അടക്കംചെയ്തു.
റൂറൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് മുന്നിൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാപോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് നീയോഗിച്ചു.
കട്ടപ്പന , തങ്കമണി സി.ഐ.മാരുടെ മേൽനോട്ടത്തിൽ രണ്ട് എസ്.ഐ.മാരും ഒരു എ.എസ്.ഐ.യും അടങ്ങിയ ഒൻപത് അംഗസംഘത്തിനാണ് അന്വേഷണച്ചുമതല. വൈകീട്ട് ഏഴിന് കോൺഗ്രസ് കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസതക്തമായതിനെ തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.