വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികളെ കൂടി പിടികൂടി പോലീസ്. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരെയാണ് പ്രത്യേക അന്വേഷണം സംഘം പിടികൂടിയത്. കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.(Attack against tribal man; two more accused in custody)
ഇവരെ കസ്റ്റഡിയിൽ എടുത്തതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ രണ്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു.
ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപ്പെട്ടതിനാണ് കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. ആക്രമണത്തിൽ മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിരുന്നു.