ആലപ്പുഴ: ചികിത്സാപിഴവിനെ തുടർന്ന് ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിന്റെ ചികിത്സയ്ക്കായി പണം ഈടാക്കിയതായി ആരോപണം. കുട്ടിയുടെ തുടർചികിത്സയെല്ലാം സൗജന്യമായിരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകിയെങ്കിലും കഴിഞ്ഞ ദിവസം വിവിധ പരിശോധനകൾക്കായി പണം ഈടാക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ് എന്നും കുടുംബം ആരോപിച്ചു.(Fees charged for the treatment of child born with Abnormal disabilities)
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെ വിവിധ പരിശോധനകൾക്കെത്തിച്ചപ്പോൾ പണം ഈടാക്കിയെന്നാണ് മാതാപിതാക്കൾ പറയുന്നത്. സർക്കാർ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം.
ആലപ്പുഴ സ്വദേശികളായ അനീഷ് മുഹമ്മദിന്റെയും സുറുമിയുടേയും മൂന്നാമത്തെ കുഞ്ഞിനാണ് ജന്മനാൽ ഗുരുതര വൈകല്യങ്ങളുണ്ടായത്. ഗർഭകാലത്ത് എഴുതവണ സ്കാനിങ്ങ് നടത്തിയിട്ടും വൈകല്യങ്ങൾ കണ്ടെത്താനായില്ലെന്നായിരുന്നു പരാതി. ഗർഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാൻ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.